ഓരോ മലയാളികളും നായകരായ കഥ പറയാൻ ജൂഡിന്റെ ‘2018’; ഫസ്റ്റ് ലുക്ക്…

കേരള ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വർഷമാണ് 2018. ആ വർഷം ഓഗസ്റ്റ് മാസത്തിലെ പ്രളയം ഇന്നും ഭീതിയോടെ ആണ് ഓരോ മലയാളികളും ഓർക്കുക. ഒപ്പം അതിജീവത്തിന് എല്ലാവരും ഒരുപോലെ ചേർന്ന് നിന്ന് പ്രവർത്തിച്ചതും എന്നും ഓര്‍മ്മയില്‍ ഉണ്ടാവും. ആ പ്രളയം പശ്‌ചാത്തലമാക്കി സിനിമ ഒരുക്കുക ആണ് സംവിധായകൻ ജൂഡ് ആന്റണി. 2018 എന്ന ടൈറ്റിൽ തന്നെ നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ‘എവരിവൺ ഈസ് എ ഹീറോ’ എന്നാണ്. വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ, അപർണ ബാലമുരളി എന്നീ താരങ്ങളെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു കൊണ്ട് ജൂഡ് കുറിച്ചത് ഇങ്ങനെ: “2018ൽ സംസ്ഥാനത്തെ മുക്കിയ പ്രളയത്തിൽ ഒറ്റകെട്ടായി പൊരുതിയ ധീരരായ മലയാളികളുടെ കഥ. മലയാളികളുടെ ചങ്കറുപ്പിന്റെ കഥ. ഓരോ മലയാളികളും നായകരായ കഥ.” ജൂഡ് ആന്റണി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം വേണു കുന്നപ്പിള്ളി ആണ് നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ സഹ തിരക്കഥാകൃത്ത് ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ: