അതിഗംഭീര പ്രകടനവുമായി സുരേഷ് ഗോപി; ‘ജെ എസ് കെ’ റിവ്യൂ വായിക്കാം

വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് നവാഗതനായ പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള”. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് . ടീസർ, ട്രൈലെർ എന്നിവയിലൂടെയൊക്കെ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും ഇഴച്ചിൽ ഇല്ലാതെ, അനാവശ്യമായ വിശദീകരണങ്ങളോ, നീട്ടിപ്പരത്തിയ കഥപറച്ചിലോ ഇല്ലാതെ, കൃത്യമായി തങ്ങൾ ഉദ്ദേശിച്ച വസ്തുത പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു കോർട്ട് റൂം എന്റെർറ്റൈനെർ എന്ന് ജെഎസ്‌കെയെ വിശേഷിപ്പിക്കാം.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനുപമയുടെ ഈ നിയമ പോരാട്ടത്തിലേക്ക് ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി സുരേഷ് ഗോപി കൂടി എത്തുന്നതോടെ ചിത്രത്തിൻ്റെ ട്രാക്ക് മാറുന്നു. വ്യക്തിപരമായ ഒരു കേസിലെ നിയമ പോരാട്ടം പിന്നീട് ഒരു വലിയ വഴി തിരിവിലൂടെ സിസ്റ്റത്തിന് മുഴുവൻ എതിരായ ഒരു കേസ് ആയി എങ്ങനെ മാറുന്നു എന്നും ചിത്രം കാണിച്ചു തരുന്നു.
ഒരു ലീഗൽ ത്രില്ലർ, കോർട്ട് റൂം ഡ്രാമ എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ‘ജെ എസ് കെ’ യഥാർത്ഥത്തിൽ ഒരു മാസ്സ് ചിത്രം കൂടിയാണ്. ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം സമ്മാനിക്കുന്ന ആകാംഷ, ഉദ്വേഗം എന്നിവയെല്ലാം കോർത്തിണക്കിയാണ് പ്രവീൺ നാരായണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ പ്രേക്ഷക മനസ്സുകളെ ചിത്രത്തിന്റെ ഇമോഷണൽ പോയിന്റുമായി ബന്ധിപ്പിച്ചു നിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പഴുതടച്ച തിരക്കഥയും അതിനു അദ്ദേഹം പകർന്ന് നൽകിയ ശക്തമായ ദൃശ്യ ഭാഷയുമാണ് ഇതിന് സഹായിച്ചത്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം നൽകിയ സംവിധായകൻ, അവരെ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിക്കുമ്പോൾ കാണിച്ച കയ്യടക്കവും പ്രശംസനീയമാണ്.
പ്രസക്തമായ ഒരു വിഷയം വളരെ ആഴത്തിൽ അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിൻ്റെ ശക്തി. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ആഴവും പരപ്പും ശക്തിയും വ്യക്തമാക്കുമ്പോൾ തന്നെ, അതിൽ നിന്ന് കൊണ്ട് നടത്തുന്ന പോരാട്ടവും ചിത്രത്തിൻ്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
വക്കീൽ കഥാപാത്രമായി ഡേവിഡ് ആബേൽ ആയി സുരേഷ് ഗോപിയും ജാനകി എന്ന ഇര ആയി അനുപമയും കാഴ്ച വെച്ചത് വളരെ വിശ്വസനീയമായ പ്രകടനമാണ്. ഇവരുടെ ശക്തമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നോട്ടത്തിലും ഭാവത്തിലും ശരീര ഭാഷയിലും വക്കീൽ കഥാപാത്രമായി മാറാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞപ്പോൾ , തൻ്റെ കഥാപാത്രം കടന്നു പോകുന്ന ഓരോ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളോടുമുള്ള പ്രതികരണം മനോഹരമായും പക്വതയോടെയുമാണ് അനുപമ ചെയ്തു ഫലിപ്പിച്ചത്. ഇവരുടെ പ്രകടന മികവ് ഈ ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറി.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
ഛായാഗ്രഹണം നിർവഹിച്ച റെനഡിവേ ചിത്രത്തിൻ്റെ മാസ് കാൻവാസിന് പറ്റിയ അന്തരീക്ഷം തൻ്റെ ദൃശ്യങ്ങളിലൂടെ സൃഷ്ടിച്ചപ്പോൾ, അതിനെ മികച്ച ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ എഡിറ്റിംഗ് നിർവഹിച്ച സംജിത് മുഹമ്മദിനും കഴിഞ്ഞിട്ടുണ്ട്. ജിബ്രാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതം ആണ് ചിത്രത്തിൻ്റെ മറ്റൊരു ശക്തി. മാസ്സ് നിമിഷങ്ങളും, ത്രിൽ സമ്മാനിക്കുന്ന രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ശക്തമായി പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്നതിൽ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതത്തിൻ്റെ പങ്ക് ചെറുതൊന്നുമല്ല. ഗാനങ്ങൾക്ക് ഈണം പകർന്ന ഗിരീഷ് നാരായണനും മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്.
ചുരുക്കി പറഞ്ഞാല് അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും, മേക്കിങ് മികവ് കൊണ്ടും, പറയുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടുമെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രമാണ് ‘ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള ‘. ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന കോർട്ട് റൂം ഡ്രാമ ത്രില്ലർ എന്ന് ചിത്രത്തെ നിസംശയം വിശേഷിപ്പിക്കാം.