in

വിവാദങ്ങൾക്ക് ഇനി വിട, ‘ജെ.എസ്.കെ’യ്ക്ക് U/A 16 പ്ലസ് സർട്ടിഫിക്കറ്റ്; റിലീസ് ജൂലൈ 17ന്

വിവാദങ്ങൾക്ക് ഇനി വിട, ‘ജെ.എസ്.കെ’യ്ക്ക് U/A 16 പ്ലസ് സർട്ടിഫിക്കറ്റ്; റിലീസ് ജൂലൈ 17ന്

സെൻസറിങ് നടപടികൾ പൂർത്തിയാക്കി സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘ജെ.എസ്.കെ’ റിലീസിന് തയ്യാറായി. ഏറെ അഭ്യൂഹങ്ങൾക്കും സെൻസർ തടസ്സങ്ങൾക്കും ശേഷം ചിത്രം ജൂലൈ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. U/A 16 പ്ലസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിന്‍റെ ടൈറ്റിലിലെ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റിയിട്ടുണ്ട്. ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന് ആണ് പുതിയ ടൈറ്റിൽ. കൂടാതെ, ഇടവേളയ്ക്ക് മുമ്പുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടര മിനിറ്റ് ഭാഗത്ത് ഏഴിടത്ത് ‘ജാനകി’ എന്ന പേര് ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

കോടതിമുറി പശ്ചാത്തലമാക്കിയുള്ള നാടകീയ മുഹൂർത്തങ്ങളുമായി എത്തുന്ന ഈ ചിത്രത്തിൽ, ‘ചിന്താമണി കൊലക്കേസി’നു ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ജെ. ഫണീന്ദ്ര കുമാർ നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. രണദിവ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. ജിബ്രാൻ പശ്ചാത്തല സംഗീതവും ഗിരീഷ് നാരായണൻ സംഗീതവും ഒരുക്കുന്നു.

സോഡാ ബാബുവായി അൽഫോൺസ് പുത്രൻ റീലോഡഡ്; ‘ബൾട്ടി’ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്

“അവളുടെ ശബ്ദം ആണ് ഇനി ഇവിടെ മുഴങ്ങേണ്ടത്”; വൻ സംഭവ വികാസങ്ങളുമായി ‘ജെ.എസ്.കെ’ ട്രെയിലർ പുറത്ത്