in , ,

അഞ്ച് ഭാഷകളിൽ ‘പീസ്’, കാർലോസ് ആയി ജോജു; ട്രെയിലർ പുറത്ത്…

അഞ്ച് ഭാഷകളിൽ ‘പീസ്’, കാർലോസ് ആയി ജോജു; ട്രെയിലർ പുറത്ത്…

അടുത്ത കാലത്ത് മലയാളത്തിൽ നിരവധി മികച്ച വേഷങ്ങൾ ചെയ്ത് കയ്യടികൾ നേടുന്ന നടനാണ് ജോജു ജോർജ്. ജോജുവിന്റെ പുതിയ ചിത്രം ആകട്ടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാന്‍ ഒരുങ്ങുക ആണ്. ‘പീസ്’ എന്ന ഈ ചിത്രം നവാഗതനായ സൻഫീർ കെ ആണ് സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ റിലീസ് ചെയ്‌തിരിക്കുക ആണ്.

1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ട്വിസ്റ്റുകളും ത്രില്ലിങ്ങുമായി ഒരുക്കുന്ന ഒരു സോഷ്യൽ സറ്റയർ ആണ് ഈ ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായി ആണ് ചിത്രത്തിലെ താരങ്ങൾ എല്ലാം എത്തുന്നത്. ചിത്രം അവതരണത്തിലും ഒക്കെ വ്യത്യസ്തത പുലർത്തും എന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ട്രെയിലർ കാണാം:

കാർലോസ് എന്ന പേരുള്ള ഒരു ഡെലിവറി പാർട്ണറുടെ റോളിൽ ആണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. കാർലോസിനെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളാണ് ഈ ചിത്രം. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം ഹൈപ്പർലിങ്ക് നറേറ്റിവ് ആയാണ് ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രമ്യ നമ്പീശൻ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരിക ആണ്. ആശ ശരത്ത്, സിദ്ദിഖ്, അതിഥി രവി, വിജിലേഷ്, മാമുക്കോയ, ഷാലു റഹീം, അർജ്ജുൻ സിങ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സംവിധായകൻ സൻഫീർ ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചത് സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധാനം. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്‌ദുള്ള ആണ്. ഓഗസ്റ്റ് 19ന് ചിത്രം തീയേറ്ററുകളിൽ എത്തും.

“ബഡ്‌ജറ്റും സ്‌കയിലും വളരെ വലുത്”; ‘സീതാ രാമം’ തിയേറ്ററുകളിൽ കാണേണ്ട ചിത്രമെന്ന് പ്രഭാസ്…

‘പുഴു’ സംവിധായിക രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു….