ജയറാമിന്‍റെ തിരിച്ചു വരവ് ഗംഭീരം; ബോക്സ് ഓഫീസില്‍ പറന്നുയര്‍ന്ന്‍ ‘പഞ്ചവര്‍ണ്ണതത്ത’
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്ന ജയറാമിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയറിൽ മോശം സമയമായിരുന്നു. തൊടുന്നതെല്ലാം പിഴച്ചു കൊണ്ടിരുന്ന ജയറാമിന് ഇപ്പോഴിതാ ഒരു വമ്പൻ തിരിച്ചു വരവാണ് ഈ വിഷുക്കാലം സമ്മാനിച്ചിരിക്കുന്നത്. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണതത്ത’ ആയിരുന്നു ഈ വർഷത്തെ ജയറാമിന്‍റെ വിഷുചിത്രം. വിഷു റിലീസുകളില്‍ ഏറ്റവും മികച്ച പ്രകടനം ആണ് ഈ ചിത്രം കാഴ്ചവെക്കുന്നത്.
ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പന്ത്രണ്ടു ദിവസം കൊണ്ട് ഏഴര കോടിക്ക് മുകളിൽ ആണ് തിയേറ്റർ കളക്ഷൻ നേടിയത്. സാറ്റലൈറ്റ് റൈറ്സ് ഉൾപ്പെടെ പതിനൊന്ന് കോടിക്ക് മുകളിൽ ടോട്ടൽ ബിസിനസ് ഇതിനോടകം ഈ ചിത്രം നേടി കഴിഞ്ഞു. നാല് കോടി രൂപയിൽ താഴെ മാത്രം നിർമ്മാണത്തിന് ചെലവായ ഈ ചിത്രം ഇപ്പോഴേ നിർമാതാവിന് വലിയ ലാഭം നേടിക്കൊടുത്തു കഴിഞ്ഞു. പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവാണ് പഞ്ചവർണ്ണതത്തയുടെ പ്രൊഡ്യൂസർ.
കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം രചിച്ചത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. അനുശ്രീ, ധർമജൻ, സലിം കുമാർ, മണിയൻപിള്ള രാജു, അശോകൻ, മല്ലിക സുകുമാരൻ, ജോജു ജോർജ്, സാജൻ പള്ളുരുത്തി, ബാലാജി ശർമ്മ, സുനിൽ സുഗത, ജനാർദ്ദനൻ, ശശി കലിംഗ, പ്രേം കുമാർ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
തല മൊട്ടയടിച്ച ക്ലീൻ ഷേവ് ചെയ്ത ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ ജയറാം അഭിനയിച്ചിരിക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും വളർത്തി വിൽക്കുന്ന ഒരാളായി അഭിനയിച്ച അദ്ദേഹം, തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്.