മകൾ മാളവിക സെറ്റിൽ എത്തി, സത്യന് ടൈറ്റിലും കിട്ടി; ജയറാം ആ കഥ പറയുന്നു…

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളും സംവിധായകനും ഒന്നിക്കുന്ന ചിത്രം ആണ് ‘മകൾ’. സത്യൻ അന്തിക്കാട് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ പ്രിയ താരങ്ങളായ ജയറാമും മീര ജാസ്മിനും വീണ്ടും ഒന്നിക്കുക ആണ്. ഈ ചിത്രത്തിന്റെ പേര് എങ്ങനെ വന്നു എന്ന കഥ പറയുക ആണ് ജയറാം.
“സാധാരണ സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് ഒക്കെ വളരെ വൈകിയാണ് ടൈറ്റിൽ ഇടാറ്. അത് മനഃപൂർവമല്ല, അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഷൂട്ടിങ്ങിന്റെ അന്ന് ഞാൻ ചോദിച്ചു ‘പേര് ഒന്നും ആയിട്ടില്ലേ?’. ‘ആയിട്ടില്ല. നോക്കട്ടെ, ഒന്നും കിട്ടാതിരിക്കില്ല’ എന്ന് സത്യൻ അന്തിക്കാട് മറുപടിയായി പറഞ്ഞു.
അന്ന് എന്റെ മകൾ ഷൂട്ടിങ് കാണാൻ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷൻ. മോള് വന്ന അന്ന ഒരുപാട് പേർ ഷൂട്ട് കാണാൻ അവിടെ വന്നിരുന്നു. ‘ആരാ കൂടെ’ എന്ന് അവർ വിളിച്ചു ചോദിച്ചപ്പോൾ ‘മകളാണ് എന്റെ മകൾ’ എന്ന് ഞാൻ വിളിച്ചു പറഞ്ഞു. സത്യൻ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തു വിളിച്ചു പറഞ്ഞു. ‘ഇതാ നമ്മുടെ ടൈറ്റിൽ’ എന്ന് പറഞ്ഞു കൈ തന്നു.
ഒരച്ഛൻ മകളെ ജനകൂട്ടത്തിന് ഇടയിൽ നിന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ട് ആണ് അദ്ദേഹം ചിത്രത്തിനും ആ പേരിട്ടത്. അങ്ങനെയാണ് മകൾ ഉണ്ടായത്. വനിതാ ദിനത്തിൽ ഇത് പറയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.”, ജയറാം പറഞ്ഞു
മീര ജാസ്മിൻ ജയറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ ദേവിക, സഞ്ജയ്, ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ച ചിത്രം സെൻട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. എസ് കുമാർ ആണ് ഛായാഗ്രാഹകൻ. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്.