വേഗത്തിൽ 50 കോടി നേടുന്ന മൂന്നാമത്തെ ചിത്രമായി ‘ഭീഷ്മ പർവ്വം’…
ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയ്ക്ക് ഒത്ത് ചിത്രം ഉയർന്നതോട് കൂടി വലിയ സ്വീകാര്യത ആണ് ‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി ചിത്രം നേടിയത്. മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വലിയ നേട്ടങ്ങൾ ആണ് സ്വന്തമാക്കുന്നത്. ആഗോള ബോക്സ് ഓഫിസിൽ നിന്നുള്ള കളക്ഷൻ 50 കോടി പിന്നിട്ടിരിക്കുക ആണ്. ട്രെയ്ഡ് അനലിസിറ്റ് ആയ രമേശ് ബാല ഇക്കാര്യം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോഹൻലാലിന്റെ ‘ലൂസിഫർ’, ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായി ഭീഷ്മ പർവ്വം മാറിയിട്ടുണ്ട്. ആറ് ദിവസം കൊണ്ട് ആണ് ഭീഷ്മ പർവ്വം 50 കോടി കളക്ഷൻ നേടുന്നത്. ലൂസിഫർ 4 ദിവസം കൊണ്ടും, കുറുപ്പ് 5 ദിവസം കൊണ്ടും നേടിയ അൻപത് കോടി ക്ലബ്ബ് നേട്ടത്തിന് തൊട്ട് പിറകെ തന്നെ ഭീഷ്മ പർവ്വവും സ്ഥാനം പിടിച്ചിരിക്കുക ആണ്.
മാത്രവുമല്ല, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വിജയവും കൂടി ആയിരിക്കുക ആണ് ഈ ചിത്രം. നാല്പത്തി അഞ്ച് കോടി ഗ്രോസ് കളക്ഷൻ നേടിയ മധുര രാജയെ മറികടന്ന് ആണ് ഭീഷ്മ പർവ്വം ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ അൻപത് കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും ഭീഷ്മ പർവ്വത്തിന് സ്വന്തം. അമൽ നീരദിന്റെ കരിയറിലെയും ഏറ്റവും വലിയ വിജയ ചിത്രമാണ് ഇത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ അമൽ നീരദ് ചിത്രം വരത്തന്റെ ഗ്രോസ് കളക്ഷൻ ആണ് ഭീഷ്മ പർവ്വം മറികടന്നത്.
ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് രചിച്ച തിരക്കഥയിൽ ആണ് ഈ ചിത്രം ഒരുക്കിയത്. സുഷിൻ ശ്യാമിന്റെ സംഗീതം, ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം എന്നിവ കൊണ്ടും ശ്രദ്ധേയമായ ചിത്രം അമൽ നീരദ് തന്റെ സ്വന്തം ബാനർ ആയ അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, നാദിയ മൊയ്‌തു, വീണ നന്ദകുമാർ, അനിഖ അനസൂയ, ദിലീഷ് പോത്തൻ, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.