“മുത്തുവേൽ പാണ്ഡ്യനായി രജനികാന്തിന്റെ പകർന്നാട്ടം”; ജയിലറിന്റെ സ്പെഷ്യൽ വീഡിയോ…
സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ അപ്ഡേറ്റ് വന്നിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ് സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ആദ്യ കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്.
1 മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ ആകർഷണം സ്ലോ മോഷൻ ആണ്. കണ്ണട ധരിച്ചും, ഡിയോ അടിച്ചും എവിടെയോ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് രജനികാന്ത്. എന്നാൽ ഒരുക്കത്തിന് ശേഷം കയ്യിലെടുക്കുന്നത് ഒരു വാൾ ആണ്. ശേഷം രജനികാന്ത് ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന ക്ലോസ്-അപ്പ് ഷോട്ടിലൂടെ വീഡിയോ അവസാനിക്കുന്നു. മൊത്തത്തിൽ ഒരു പുതുമ നൽകുന്ന ഈ വീഡിയോ ചിത്രത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷ വർദ്ധിപ്പിക്കും.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ആണ് ഈ വീഡിയോയുടെ മറ്റൊരു ആകർഷണം. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ, യോഗി ബാബു, രമ്യാ കൃഷ്ണൻ, വിനായകൻ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2023 ഏപ്രിൽ 14-ന് തിയേറ്ററുകളിൽ എത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. വീഡിയോ കാണാം: