in , ,

ഷെയ്ൻ നിഗമിന് വേണ്ടി ‘ജാലക്കാരി’ ഒരുക്കി സായ് അഭ്യങ്കർ; ‘ബൾട്ടി’യിലെ ആദ്യ ഗാനം പുറത്ത്

ഷെയ്ൻ നിഗമിന് വേണ്ടി ‘ജാലക്കാരി’ ഒരുക്കി സായ് അഭ്യങ്കർ; ‘ബൾട്ടി’യിലെ ആദ്യ ഗാനം പുറത്ത്

ഷെയ്ൻ നിഗം നായകനാകുന്ന ‘ബൾട്ടി’ എന്ന ചിത്രത്തിലെ ‘ജാലക്കാരി മായാജാലക്കാരി’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. കേൾക്കുന്നവരെ ചുവടുവെപ്പിക്കുന്ന ഈണവും പ്രണയം തുളുമ്പുന്ന വരികളുമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. സോഷ്യൽ മീഡിയയിൽ തരംഗമായ ‘കച്ചി സേര’, ‘ആസ കൂട’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീതജ്ഞൻ സായ് അഭ്യങ്കറാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സായിയും, ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധ നേടിയ സുബ്ലാഷിനിയും ചേർന്നാണ്. ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുമെന്ന് ഉറപ്പിക്കുന്ന ഈ ഗാനം വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനായ സായ് അഭ്യങ്കറിന്റെ സ്വതന്ത്ര ഗാനങ്ങൾ യൂട്യൂബിൽ ഇതിനകം 200 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

‘ബൾട്ടി’ എന്ന ചിത്രത്തിലൂടെ സായ് അഭ്യങ്കറിനെ മലയാളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സൂപ്പർതാരം മോഹൻലാലിന്റെ ഫോൺ സംഭാഷണത്തിന്റെ പ്രൊമോ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. 40 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്. സംഗീതത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുങ്ങുന്ന ‘ബൾട്ടി’, ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷെയ്നിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ബൾട്ടി’യിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രൻ സോഡ ബാബു എന്ന പ്രതിനായക വേഷത്തിലും, സെൽവരാഘവൻ ഭൈരവൻ എന്ന കഥാപാത്രമായും എത്തുന്നു. ശന്തനു ഭാഗ്യരാജ് കുമാർ എന്ന മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോകളും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ഹിറ്റുകളുടെ നിർമ്മാതാവാണ് സന്തോഷ് ടി. കുരുവിള. മലയാളത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ തന്നെ തമിഴിൽ ലോകേഷ് കനകരാജിന്റെ ‘ബെൻസ്’, സൂര്യയുടെ പുതിയ ചിത്രം, അല്ലു അർജുൻ-അറ്റ്ലീ ചിത്രം എന്നിവയുൾപ്പെടെ നിരവധി വലിയ പ്രോജക്ടുകളുടെ ഭാഗമാണ് സായ് അഭ്യങ്കർ. എങ്കിലും, ഒരു സിനിമയ്ക്ക് വേണ്ടി സായ് സംഗീതം നൽകി പുറത്തിറങ്ങുന്ന ആദ്യ ഗാനം എന്ന നിലയിൽ ‘ജാലക്കാരി’ അദ്ദേഹത്തിന്റെ കരിയറിൽ എന്നും സവിശേഷമായിരിക്കും.

അലക്സ് ജെ. പുളിക്കൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോ-പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, വിതരണം: മൂൺഷോട്ട് എന്റർടെയ്ൻമെന്റ്സ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.

‘റോഷാക്കി’ന് ശേഷം നിസാം ബഷീർ; പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ‘ഐ, നോബഡി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

“ഇവൾ ആരാ, എന്താ എന്ന് നമുക്ക് അറിയുക പോലും ഇല്ല”; വൻ ദൃശ്യവിസ്മയങ്ങളുമായി ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയിലർ