ചിരിയോണമൊരുക്കി ഇട്ടിമാണി; ചിരിയും ചിന്തയുമായി ആ മനസ്സിന് മുന്നിൽ കീഴടങ്ങി കുടുംബ പ്രേക്ഷകർ…
ഒട്ടേറെ ഇരട്ട സംവിധായകർ മലയാള സിനിമയുടെ ഭാഗമായി നമ്മുടെ മുന്നിൽ ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്. സിദ്ദിഖ്- ലാൽ, റാഫി- മെക്കാർട്ടിൻ തുടങ്ങിയവരും അനിൽ- ബാബു ടീമുമെല്ലാം അത്തരത്തിൽ പ്രശസ്തരായവരാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കംപ്ലീറ്റ് എന്റെർറ്റൈനെർ ചിത്രങ്ങൾ ആണ് ഇവർ സമ്മാനിച്ചിരുന്നതും. ഇപ്പോഴിതാ മറ്റൊരു സംവിധായക ജോഡി കൂടി ഒരു ഫാമിലി എന്റെർറ്റൈനറുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നവാഗതരായ ജിബി- ജോജു ടീം ഒരുക്കിയ ഇട്ടിമാണി മേഡ് ഇൻ ചൈനയാണ് പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം. താര ചക്രവർത്തി മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. മോഹൻലാലിനൊപ്പം പ്രശസ്ത നടീനടൻന്മാർ അണിനിരന്നിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം ഗംഭീര പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഇട്ടിമാണി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തൃശൂർ കുന്നംകുളം സ്വദേശി ആയ ഇട്ടിമാണിയുടെ ജീവിതത്തിനു ചൈനയുമായി എന്താണ് ബന്ധം? അതെങ്ങനെ അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്നു? അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ?. അയാളും അയാളുടെ അമ്മയുമായുള്ള രസകരമായ ബന്ധം എങ്ങനെ എന്നൊക്കെയാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
രചയിതാക്കൾ എന്ന നിലയിലും സംവിധായകർ എന്ന നിലയിലും ഗംഭീര തുടക്കം ആണ് ജിബി- ജോജു ടീം നേടിയിരിക്കുന്നത്. വളരെ രസകരമായി ഒരുക്കിയ ഒരു തിരക്കഥയും അതിലും രസകരമായ അതിന്റെ ദൃശ്യാവിഷ്‌കാരവുമാണ് ജിബി- ജോജു ടീം ഇട്ടിമാണിയിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനായ, തമാശ പറയുന്ന, കുസൃതിയും കുറുമ്പുള്ള മോഹൻലാലിനെ ഒരിക്കൽ കൂടി അവരുടെ മുന്നിൽ എത്തിച്ച ഇവർ, കുടുംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിമിഷം പോലും രാസ ചരട് പൊട്ടാതെ കഥ പറയാൻ ഇവർക്കായിട്ടുണ്ട്. ഇവരുടെ മികച്ച കയ്യടക്കവും അവതരണ ശൈലിയും ഇട്ടിമാണിയെ ഗംഭീര വിനോദ ചിത്രമാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും നല്ല പാട്ടുകളും കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന കഥാ പരിസരവും അതോടൊപ്പം ആവേശവും പകർന്നു നൽകിയാണ് ഇട്ടിമാണി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്.
ഇട്ടിമാണി എന്ന കേന്ദ്ര കഥാപാത്രം ആയി മോഹൻലാൽ അക്ഷരാർത്ഥത്തിൽ തകർത്താടി എന്ന് തന്നെ പറയാം. സ്വാഭാവികാഭിനയത്തിന്റെ തമ്പുരാൻ ആണ് താൻ എന്ന് ഒരിക്കൽ കൂടി കാണിക്കുന്നു തന്ന മോഹൻലാൽ കോമഡി രംഗങ്ങളിൽ ഇപ്പോഴും പുലർത്തുന്ന അസാമാന്യ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. ചിരിപ്പിച്ചും രസിപ്പിച്ചും ആവേശം കൊള്ളിച്ചും ഇട്ടിമാണി ആയി മോഹൻലാൽ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നത് വിസ്മയത്തോടെ മാത്രമേ നോക്കി നിൽക്കാനാവു. കെ സപി എ സി ലളിത , രാധിക ശരത് കുമാർ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, ജോണി ആന്റണി, സിദ്ദിഖ്, അശോകൻ, മാധുരി, സ്വാസിക, വിനു മോഹൻ, ഹണി റോസ്, സുനിൽ സുഗത, വിവിയ, അരിസ്റ്റോ സുരേഷ്, കോമൾ ശർമ്മ, അഞ്ജന , നിരഞ്ജൻ കണ്ണൻ എന്നിവരും ആദ്യവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രകടനമാണ് നൽകിയത്.
ഷാജി കുമാറിന്റെ ദൃശ്യങ്ങൾ ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ ഇട്ടിമാണി ഒരു കളർഫുൾ ദൃശ്യാനുഭവമായി മാറി. കൈലാസ് മേനോൻ, ടീം ഫോർ മ്യൂസിക്സ്, ദീപക് ദേവ് എന്നിവർ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികവ് പുലർത്തിയത് ഈ ചിത്രത്തെ ഏറെ രസകരമാക്കാൻ സഹായിച്ചിട്ടുണ്ട്. സൂരജ് ഇ എസ് ആണ് ഇട്ടിമാണി മെഡി ഇൻ ചൈന എഡിറ്റ് ചെയ്തത്. ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ മികച്ച ഒഴുക്കോടെയാണ് ചിത്രം മുന്നോട്ടു പോയത് എന്നത് ഈ എഡിറ്ററുടെ കൂടി മികവാണ്.
ചുരുക്കി പറഞ്ഞാൽ, ഇട്ടിമാണി മെഡി ഇൻ ചൈന ഈ ഓണക്കാലത്തും നിങ്ങൾക്ക് എല്ലാവർക്കും ചിരിച്ചു ഉല്ലസിച്ചു കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ്. പുതുമയും ചിരിയും ആവേശവും എല്ലാം സമ്മേളിക്കുന്ന ഒരു കിടിലൻ ഓണസമ്മാനമാണ് ജിബി-ജോജു ടീമും മോഹൻലാലും ചേർന്ന് മലയാള സിനിമ അപ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.