ചൈനീസ് പറഞ്ഞു രസിപ്പിച്ചു ഇട്ടിമാണിയുടെ ഒരു കിടിലൻ ടീസർ; ഓണത്തിന് ഇട്ടിച്ചായൻ ഇങ്ങെത്തും…
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈനയുടെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. ചൈനീസ് ഭാഷയിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന ഡയലോഗുമായി മോഹൻലാലും കെ പി എ സി ലളിതയും കയ്യടി നേടുന്ന ഈ ടീസറിൽ സലിം കുമാർ, സിദ്ദിഖ് എന്നിവരെയും കാണാം. ടീസറിന്റെ അവസാനം ഉള്ള മോഹൻലാലിന്റെ കിടിലൻ ഭാവ പ്രകടനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. പദ്മരാജൻ ക്ലാസിക് ആയ തൂവാന തുമ്പികൾക്കു ശേഷം മോഹൻലാൽ തൃശൂർക്കാരൻ ആയി അഭിനയിച്ച ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. ഓണം റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം നവാഗതരായ ജിബി- ജോജു ടീം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അച്ഛനും മകനും ആയി മോഹൻലാൽ ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് വന്ന ചൈനീസ് ലുക്കിൽ ഉള്ള മോഹൻലാലിന്റെ സ്റ്റില്ലുകളും എല്ലാം വളരെ വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ സ്വീകരിക്കപ്പെട്ടത്. ചട്ടയും മുണ്ടും ധരിച്ചു നിൽക്കുന്ന മോഹൻലാലിനെ കാണിച്ചു തന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ്, കൈലാസ് മേനോൻ എന്നിവരാണ്. അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് മോഹൻലാലിനൊപ്പം ഇട്ടിമാണിയുടെ ഭാഗം ആവുന്നത്.