in

‘റോഷാക്കി’ന് ശേഷം നിസാം ബഷീർ; പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ‘ഐ, നോബഡി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

‘റോഷാക്കി’ന് ശേഷം നിസാം ബഷീർ; പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ‘ഐ, നോബഡി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ നിസാം ബഷീറിന്റെ പുതിയ ചിത്രമായ ‘ഐ, നോബഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ നിസാം ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോലീസ് വലയത്തിലേക്കും സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്കും നടന്നുനീങ്ങുന്ന പൃഥ്വിരാജിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു സാധാരണക്കാരന്റെ അസാധാരണമായ പോരാട്ടത്തിന്റെ സൂചനകൾ നൽകുന്നതാണ് ഫസ്റ്റ് ലുക്ക്. ‘റോഷാക്കി’ന് ശേഷം നിസാം ബഷീറും തിരക്കഥാകൃത്ത് സമീർ അബ്ദുള്ളും വീണ്ടും ഒന്നിക്കുന്നു എന്നതും ‘ഐ, നോബഡി’യെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ ഫോർ എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജിനും പാർവതിക്കും പുറമെ അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് റെമീസ് എംബിയും പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്തും നിർവഹിക്കുന്നു. ഹാരിസ് ദേശം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറാണ്. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും മേക്കപ്പ് റോണെക്സ് സേവ്യറും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എഡിറ്റർ-റെമീസ് എംബി, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണെക്സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ-ബെനിലാൽ ബി, ബിനു ജി നായർ, ആക്ഷൻ-കലൈ കിംഗ്സൺ, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, വിഎഫ്എക്സ്-ലവകുശ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ്-പോഫാക്റ്റിയോ, ഡിസൈൻ-യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ എസ് ദിനേശ്.

‘കരം’ സിനിമയിൽ ഞെട്ടിക്കാൻ ‘ആശാൻ’; വിനീത് ശ്രീനിവാസന്റെ ത്രില്ലറിൽ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാനും

ഷെയ്ൻ നിഗമിന് വേണ്ടി ‘ജാലക്കാരി’ ഒരുക്കി സായ് അഭ്യങ്കർ; ‘ബൾട്ടി’യിലെ ആദ്യ ഗാനം പുറത്ത്