സത്യൻ അന്തിക്കാടൻ മാജിക്കിൽ നിറഞ്ഞാടാൻ മോഹൻലാൽ; ‘ഹൃദയപൂർവം’ ട്രെയിലർ കാണാം

മലയാളത്തിലെ സൂപ്പർ ഹിറ്റ് ടീം മോഹൻലാൽ- സത്യൻ അന്തിക്കാട് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവത്തിന്റെ ട്രെയിലർ പുറത്ത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 28 നു ഓണം റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ഒരു ടീസറും ഗാനവും നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
അതിന്റെ പിന്നാലെയാണ് ഇപ്പോൾ ട്രെയിലറും എത്തിയിരിക്കുന്നത്. ടീസറിന്റെ ഒരു തുടർച്ചയെന്ന പോലെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കോമഡി, ഡ്രാമ, വൈകാരിക നിമിഷങ്ങൾ, ഗാനങ്ങൾ, ഫീൽ ഗുഡ് ഫാമിലി നിമിഷങ്ങൾ എല്ലാം കോർത്തിണക്കിയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നതെന്ന ഫീലാണ് ട്രെയിലർ നമ്മുക്ക് സമ്മാനിക്കുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്.
മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ്, സബിത ആനന്ദ് തുടങ്ങി ഒരു മികച്ച താരനിരതന്നെ അണിനിരക്കുന്നുണ്ട്. ബേസിൽ ജോസഫും, മീര ജാസ്മിനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും സെൻസറിങ് പൂർത്തിയായപ്പോൾ പുറത്തു വന്നിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം രണ്ടര മണിക്കൂറാണ്.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണി മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതിനോടകം ഏകദേശം 90 ലക്ഷം രൂപയുടെ അഡ്വാൻസ് സെയിൽസ് ആണ് ആദ്യ ദിവസത്തേക്ക് നടന്നിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ഓണ ചിത്രങ്ങളിൽ ഏറ്റവും മുൻപിലാണ് പ്രീ സെയില്സിൽ ഹൃദയപൂർവത്തിനു സ്ഥാനം. ജസ്റ്റിൻ പ്രഭാകരൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കഥ രചിച്ചത് അഖിൽ സത്യൻ, തിരക്കഥ രചിച്ചത് സോനു ടി പി. ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റർ- കെ രാജഗോപാൽ.