‘ഒൺലി ഫാഫാ’, എന്ന് ‘ഹൃദയപൂർവം’ മോഹൻലാൽ; രസകരമായ ടീസറുമായി സത്യൻ അന്തിക്കാട് ചിത്രം

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ “ഹൃദയപൂർവം” എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 28 നു ഓണം റിലീസായി ആണ് എത്തുക. ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം രചിച്ചത് അഖിൽ സത്യൻ, നവാഗതനായ സോനു ടി പി എന്നിവർ ചേർന്നാണ്.
ഏറെക്കാലത്തിനു ശേഷം രസികനായ ഒരു കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. നോർത്ത് ഇന്ത്യയിൽ ഫഹദ് ഫാസിലിന് ഉള്ള ഫാൻ ഫോളോയിങ്ങിനെ കുറിച്ചും രസകരമായി കാണിച്ചു തന്നു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത് എന്നതും അതിനു മോഹൻലാൽ നൽകുന്ന സരസമായ മറുപടിയും ശ്രദ്ധേയമാണ്.
അഖിൽ സത്യൻ ഒരുക്കിയ കഥക്ക് സോനു ടി പി തിരക്കഥ രചിച്ച ചിത്രത്തിൽ അനൂപ് സത്യൻ അസ്സോസിയേറ്റ് ഡയറക്ടർ ആയും ജോലി ചെയ്തിട്ടുണ്ട്. ആണ് മൂത്തേടത്ത് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റിംഗ് നിർവഹിച്ചത് കെ രാജഗോപാൽ. മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, ലാലു അലക്സ്, സിദ്ദിഖ്, ജനാർദനൻ, ബാബുരാജ്, നിഷാൻ, സബിത ആനന്ദ്, തുടങ്ങി ഒരു മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ചിത്രത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്നാണ് പേരുള്ള ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലും പുണെയിലും ആയിട്ടാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
മാളവിക മോഹനൻ, സംഗീത് പ്രതാപ് എന്നിവർ ആദ്യമായാണ് മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പൂർണ്ണമായും സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘വാസ്തുഹാര’ എന്ന അരവിന്ദൻ ചിത്രത്തിന് ശേഷം മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഹൃദയപൂർവം’.