‘ഹൃദയം’ അൻപത് കോടി ക്ലബ്ബിൽ; മൂന്നാം ചിത്രത്തിലൂടെ അഭിമാന നേട്ടം സ്വന്തമാക്കി പ്രണവ്…
കോവിഡ് ഏറ്റവും വലിയ പ്രതിസന്ധിയോടെ തുടർന്നപ്പോൾ സിനിമാ/തിയേറ്റർ വ്യവസായത്തിന് ഏറ്റവും കരുത്തായത് ‘ഹൃദയം’ എന്ന വിനീത് – പ്രണവ് മോഹൻലാൽ ചിത്രമായിരുന്നു. ചിത്രങ്ങൾ എല്ലാം റീലീസ് മാറ്റിവെച്ചപ്പോൾ ഹൃദയത്തിന്റെ അണിയറപ്രവർത്തകർ തങ്ങളുടെ ചിത്രം ഇറക്കാൻ ആയിരുന്നു തീരുമാനിച്ചത്. ശേഷം ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചത് വിസ്മയകരമായ വിജയമാണ്.
ഇപ്പോളിതാ ഹൃദയം അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുക ആണ്. പ്രണവ് മോഹൻലാലിന്റെ ആദ്യ അൻപത് കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുന്നു. നായകനായുള്ള മൂന്നാമത്തെ ചിത്രത്തിലാണ് പ്രണവിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് എന്നത് മറ്റൊരു പ്രത്യേകത ആണ്.
മലയാളത്തെ സംബന്ധിച്ച് അൻപത് കോടി ക്ലബ്ബ് എന്നത് വലിയ നേട്ടമാണെന്നിരിക്കെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്ത് ഈ നേട്ടം ഈ കുഞ്ഞു സിനിമ കരസ്ഥമാക്കുമ്പോൾ ഈ മഹാ വിജയത്തിന് കൂടുതൽ തിളക്കമേറുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 30 കോടിയോളവും ഓവർസീസ് ബോക്സ് ഓഫീസിൽ നിന്ന് 21 കോടിയോളവും നേടിയാണ് 50 കോടി ക്ലബ്ബിൽ ഹൃദയം സ്ഥാനം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിൽ ചിത്രത്തിന് എക്കാലത്തെയും ഏറ്റവും ഉയർന്ന കളക്ഷൻ നേടി റെക്കോർഡ് സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്.
മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രമണ്യം ആയിരുന്നു ഹൃദയം നിർമ്മിച്ചത്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നായികമാർ ആയി എത്തിയ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിച്ചിരുന്നു. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഹിഷാം അബ്‌ദുൾ വാഹബ് ആയിരുന്നു. വിശ്വജിത്ത് ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് രഞ്ചൻ എബ്രഹാം ആണ്.