in

‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ ഹൈക്കോടതി കാണും; പ്രത്യേക പ്രദർശനം ജൂലൈ 5-ന്

‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ ഹൈക്കോടതി കാണും; പ്രത്യേക പ്രദർശനം ജൂലൈ 5-ന്

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ – ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ, ചിത്രം നേരിട്ട് കണ്ട് വിലയിരുത്താൻ ഹൈക്കോടതി തീരുമാനിച്ചു. ജൂലൈ 5-ന് കോടതിക്കായി പ്രത്യേക പ്രദർശനം സംഘടിപ്പിക്കും.

കോസ്മോസ് എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 12-ന് സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടും ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. സിനിമയുടെ പേരും നായിക കഥാപാത്രത്തിൻ്റെ പേരും ‘ജാനകി’ എന്നായതാണ് സർട്ടിഫിക്കറ്റ് തടയാൻ കാരണമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ‘ജാനകി’ എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നും, പേര് മാറ്റാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും കോടതി ചോദിച്ചു. ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോൾ ചിത്രം നേരിൽ കണ്ട് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. ജൂലൈ 5-ന് പ്രത്യേക പ്രദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ അണിയറപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ നാരായണനാണ്. ജൂൺ 27-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സെൻസർ തടസ്സങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹൊറർ കോമഡിയുമായി നിവിൻ പോളി – അഖില്‍ സത്യന്‍ ടീം; ‘സര്‍വ്വം മായ’ ടൈറ്റിൽ ലുക്ക് പുറത്ത്

ബാലയ്യ ചിത്രം ‘അഖണ്ഡ 2’ൽ സുപ്രധാന വേഷത്തിൽ ‘ബജ്‌രംഗി ഭായിജാൻ’ താരം ഹർഷാലി മൽഹോത്രയും