ബാലയ്യ ചിത്രം ‘അഖണ്ഡ 2’ൽ സുപ്രധാന വേഷത്തിൽ ‘ബജ്‌രംഗി ഭായിജാൻ’ താരം ഹർഷാലി മൽഹോത്രയും

നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും ഒന്നിക്കുന്ന “അഖണ്ഡ 2: താണ്ഡവ”ത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ഭാഗമാകുന്നു. ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രം ‘ബജ്‌രംഗി ഭായിജാനി’ലെ മിന്നും പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് ഹർഷാലി. ‘അഖണ്ഡ 2’ൽ ‘ജനനി’ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ഹർഷാലി അവതരിപ്പിക്കുന്നത്.
ഹർഷാലിയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. “മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും” എന്ന ആകർഷകമായ അടിക്കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അഖണ്ഡ’യുടെ തുടർച്ചയായിട്ടാണ് ‘അഖണ്ഡ 2: താണ്ഡവം’ എത്തുന്നത്. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു.

‘അഖണ്ഡ’യുടെ ആദ്യ ഭാഗത്തേക്കാൾ വലിയ ആക്ഷൻ രംഗങ്ങളും തീവ്രമായ വൈകാരിക മുഹൂർത്തങ്ങളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ടീസർ നൽകുന്ന സൂചന. ഉഗ്രരൂപിയായ ശിവ ഭഗവാന്റെ പ്രതിരൂപമായി മാസ്സ് അവതാരത്തിലാണ് ബാലകൃഷ്ണ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. വില്ലൻ വേഷത്തിൽ എത്തുന്നത് പ്രശസ്ത താരം ആദി പിന്നിസെട്ടിയാണ്.
14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം എം തേജസ്വിനി നന്ദമൂരിയാണ് അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘അഖണ്ഡ 2: താണ്ഡവം’ 2025 സെപ്റ്റംബർ 25-ന് ദസറയോടനുബന്ധിച്ച് ആഗോളതലത്തിൽ റിലീസ് ചെയ്യും.
രചന- ബോയപതി ശ്രീനു, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.