‘ഗുരുവായൂരമ്പല നടയിൽ’ പൃഥ്വിരാജും ബേസിലും ഒന്നിക്കുന്നു; സംവിധാനം വിപിൻ ദാസ്…

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ ‘ജയ ജയ ജയ ജയ ഹേ’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ഒരുക്കിയ വിപിൻ ദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസും ബേസിലും ഒരിക്കൽ കൂടി ഒന്നിക്കുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എന്റർടൈന്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുക.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബേസിൽ സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന് തിരക്കഥ രചിച്ച ദീപു പ്രതീപ് ആണ് ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഒരു വർഷം മുൻപ് കേട്ടതാണ് ഈ ചിത്രത്തിന്റെ കഥയെന്നും അതിനുശേഷം ആലോചിക്കുമ്പോൾ എല്ലാം തന്നെ പുഞ്ചിരിപ്പിക്കുന്ന കഥയാണ് അതെന്നും പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിനെ കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ടൈറ്റിൽ പോസ്റ്റർ: