in

“ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി”, നിർമ്മാതാവ് ദുൽഖർ പറയുന്നു…

“ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി”, നിർമ്മാതാവ് ദുൽഖർ പറയുന്നു…

നടൻ ദുൽഖർ സലമാന്റെ നിർമ്മാണ കമ്പനിയായ വെഫാറർ ഫിലിംസ് നിർമ്മിച്ച ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’. അരുൺ വൈഗ നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയിരുന്നു. ആദ്യ പ്രതികരണങ്ങളിൽ ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ നേടാൻ കഴിയുന്നുണ്ട്. ഇപ്പോളിതാ പ്രേക്ഷകർക്ക് നന്ദി പറയുക ആണ് ദുൽഖർ സൽമാൻ.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് ദുൽഖർ പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. “ഗുണ്ട ജയൻ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി. ധൈര്യമായി ടിക്കറ്റ് എടുത്തോളൂ… കണ്ടോളൂ, ചിരിച്ചോളൂ… പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്,
എന്ന് ഉപചാരപൂർവം ദുൽഖർ സൽമാൻ”, ദുൽഖർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിച്ചു പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സൈജു കുറുപ്പ് ആണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സൈജുവിന്റെ നൂറാമത്തെ ചിത്രമാണ്. ഗുണ്ട ജയൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ് സൈജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയ ഗുണ്ടായിസം ഒക്കെ വിട്ട് ഒരു ചെറിയ പച്ചക്കറി കട നടത്തി കുടുംബം നോക്കി ജീവിക്കുന്ന ആളാണ് ജയൻ. എന്നാൽ ഗുണ്ട എന്ന വിളിപ്പേരും ഒപ്പം നാട്ടുകാർക്കും വീട്ടുകാർക്കും ഉള്ള പേടിയും ജയനെ വിട്ട് പോയിട്ടില്ല. സഹോദരി പുത്രിയുടെ വിവാഹം നടത്തുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ജയന് പല ടെൻഷനുകൾ ഉണ്ട്. തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.

രാജേഷ് വർമ്മയുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങിയത്. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിമിസിന് ഒപ്പം മൈ ഡ്രീംസ് എന്റർടൈന്മെന്റെ ബാനറിൽ സെബാബ്‌ ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. ബിജിപാൽ ആണ് സംഗീതം ഒരുക്കിയത്. സിജു വിൽസൺ, ശബരീഷ് വർമ്മ, സാബു മോൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുധീർ കരമന, ബിജു സോപാനം വിജിലേഷ്, ബൈജു എഴുപുന്ന, സാഗർ സൂര്യ, വൃന്ദ മേനോൻ, പാർവതി, നയന തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഹിറ്റ് ചിത്രങ്ങളായ അജഗജാന്തരവും ജാൻ.എ.മനും ഒടിടിയിൽ എത്തി…

‘സിബിഐ 5 ദ് ബ്രയിൻ’; ടൈറ്റിലും അയ്യർ ലുക്കും വെളിപ്പെടുത്തി മോഷൻ പോസ്റ്റർ എത്തി…