‘തല’യെടുപ്പോടെ ഗുഡ് ബാഡ് അഗ്ലി; തിയേറ്ററുകളിൽ പൊളി വൈബ്, കളക്ഷൻ 115 കോടിയും കടന്നു…

തിയേറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച് മുന്നേറുകയാണ് തല അജിത് കുമാറിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’. ആരാധകരുടെ ആവേശകരമായ പ്രതികരണവും മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിനെ വലിയൊരു വിജയത്തിലേക്ക് ആണ് നയിക്കുന്നത്. തിയേറ്ററുകളിൽ ‘പൊളി വൈബ്’ ആണ് ചിത്രം സൃഷ്ടിക്കുന്നത് എന്ന ഭൂരിപക്ഷ അഭിപ്രായം കൂടുതൽ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്നു. ബോക്സ് ഓഫീസിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നു; ഇതിനോടകം 115 കോടി രൂപയുടെ ഗംഭീര കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
‘തല’ അജിത് കുമാറിൻ്റെ കരിയറിലെ മറ്റൊരു പ്രധാന ഹിറ്റിലേക്ക് ‘ഗുഡ് ബാഡ് അഗ്ലി’യുടെ കുതിപ്പ്. ഈ വർഷം തന്നെ രണ്ടാം തവണയാണ് അജിത്തിൻ്റെ ഒരു ചിത്രം 100 കോടി ക്ലബ്ബിൽ എത്തുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ‘വിടാമുയർച്ചി’ ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും 100 കോടി ക്ലബ് ചിത്രമായി മാറിയിരുന്നു. ‘ഗുഡ് ബാഡ് അഗ്ലി’ ആ നിരാശ മാറ്റിക്കൊണ്ട് ആണ് വൻ കുതിപ്പ് നടത്തുന്നത്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ‘ഗുഡ് ബാഡ് അഗ്ലി’ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 75 കോടി രൂപ ആണ് നേടിയിരിക്കുന്നത്. ഇതിൽ 60 കോടിയോളം രൂപയുടെ കളക്ഷൻ തമിഴ്നാട്ടിൽ നിന്ന് മാത്രമാണ്.
വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓവർസീസ് വിപണിയിൽ നിന്ന് മാത്രം 40 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തിലും ‘ഗുഡ് ബാഡ് അഗ്ലി’ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് ‘ബസൂക്ക’, ‘ആലപ്പുഴ ജിംഖാന’, ‘മരണ മാസ്’ തുടങ്ങിയ ചിത്രങ്ങളുടെ ശക്തമായ മത്സരമുണ്ടായിട്ടും ‘ഗുഡ് ബാഡ് അഗ്ലി’ മികച്ച കളക്ഷൻ നേടുന്നത് ശ്രദ്ധേയമാണ്.
നിലവിൽ, തമിഴ് സിനിമകളിൽ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം ‘ഡ്രാഗൺ’ ആണ്, ആഗോളതലത്തിൽ ഏകദേശം 152 കോടി രൂപയാണ് ഈ സിനിമയുടെ വരുമാനം. എന്നാൽ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ഇപ്പോഴത്തെ കളക്ഷൻ ട്രെൻഡ് വിലയിരുത്തുമ്പോൾ, അധികം വൈകാതെ ഈ റെക്കോർഡ് മറികടക്കും എന്നത് തീർച്ചയാണ്. ഇത് അജിത് കുമാറിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറാനുള്ള എല്ലാ സൂചനകളും നൽകുന്നും ഉണ്ട്. താരത്തിൻ്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം 200 കോടിക്ക് അടുത്ത് കളക്ഷൻ വന്ന ‘തുനിവ്’ ആണ്.
അജിത്തിൻ്റെ കടുത്ത ആരാധകൻ കൂടിയായ അധിക് രവിചന്ദ്രനാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടെ സംവിധായകൻ. അജിത് കുമാറിനൊപ്പം തൃഷ കൃഷ്ണൻ, അർജുൻ ദാസ്, ജാമ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ പ്രഭു, പ്രസന്ന, കാർത്തികേയ ദേവ, പ്രിയ വാര്യർ, സുനിൽ, ജാക്കി ഷ്രോഫ്, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ, സിമ്രാൻ (അതിഥി വേഷം) തുടങ്ങിയ വലിയൊരു താരനിരയും ഈ സിനിമയിൽ അണിനിരക്കുന്നു. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വ്യാജമായ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വന്തം മകനുവേണ്ടി, വിരമിച്ച ഒരു ഗുണ്ട തൻ്റെ പഴയകാലത്തെ അക്രമത്തിൻ്റെ വഴിയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എകെ “റെഡ് ഡ്രാഗൺ” എന്ന കഥപാത്രത്തെ ആണ് അജിത് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അജിത് കുമാറിൻ്റെ മാസ്സ് പ്രകടനവും അധിക് രവിചന്ദ്രൻ്റെ സംവിധാന മികവും ജി വി പ്രകാശിന്റെ സംഗീതവും ഒക്കെയും ഒത്തുചേർന്നപ്പോൾ ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിൽ പൊളി വൈബ് സമ്മാനിക്കുകയാണ്.