കണ്ണും മനസ്സും നിറക്കുന്ന സിനിമാനുഭവമായി ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; റിവ്യൂ വായിക്കാം…

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് കൊണ്ട് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഫാമിലി എൻ്റർടെയ്‌നറാണ് ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’. പ്രശസ്ത സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവരാണ്. സ്കന്ദ സിനിമാസ്, കിങ്‌സ്‌മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം റിലീസിന് മുൻപ് തന്നെ മികച്ച പ്രേക്ഷക പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നിസംശയമായി പറയാൻ സാധിക്കും.
ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആ ഭാഗ്യം ഉണ്ടാക്കി കൊടുക്കാൻ ഒരു സ്പെഷ്യൽ ഹോസ്പിറ്റൽ തന്നെ ആരംഭിക്കുന്ന ഈ കഥാപാത്രത്തിന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള രസകരവും വൈകാരികവുമായ യാത്രയാണ് ഈ ചിത്രം. അർജുന്റെ ഭാര്യ ആയ സ്വാതി ആയാണ് നിഖില വിമൽ വേഷമിട്ടിരിക്കുന്നത്.

വളരെ രസകരമായ, വ്യത്യസ്‍തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വിനയ് ഗോവിന്ദ് എന്ന ഈ യുവ സംവിധായകന്റെ ഏറ്റവും വലിയ വിജയം. രസകരമായ മുഹൂർത്തങ്ങളും ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും നർമ്മ പ്രധാനമായ സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും രചയിതാക്കൾ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനും വിജയിച്ചിട്ടുണ്ട് എന്ന് പറയാം. കഥയിലെ വൈകാരികമായ തലമാണ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചത് എന്നതും എടുത്തു പറയണം. ആ വൈകാരികമായ കണക്ഷൻ ഏറെ വിശ്വസനീയമായ രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയം നേടിയിട്ടുണ്ട്.
എല്ലാത്തരം വിനോദ ഘടകങ്ങളും ഈ ചിത്രത്തിന്റെ തിരക്കഥയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രണയവും കോമെഡിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കൃത്യമായ അളവിലാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നത്. ഒരുപോലെ മികച്ചു നിൽക്കുന്ന രണ്ടു പകുതികൾ കൂടാതെ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറക്കുന്ന ക്ലൈമാക്സും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി.

അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ വളർച്ചയും അയാൾ കടന്നു പോകുന്ന വൈകാരിക തലങ്ങളുമെല്ലാം വളരെ മനോഹരമായി ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലെത്തിക്കുകയും ചെയ്തു. ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ നിഖിലയും തന്റെ വേഷം മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. രണ്ടു പേരും മത്സരിച്ചു തന്നെ അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല എന്ന് പറയാം. ഇവരെ പോലെ തന്നെ സുരഭി ലക്ഷ്മി, സുധീഷ്, ജോണി ആന്റണി, ചെമ്പൻ വിനോദ്, ശ്യാം മോഹൻ, അഭിരാം, ദിനേശ് പ്രഭാകർ, മീര വാസുദേവ്, ഭഗത് മാനുവൽ ശിബ്‌ള, മുത്തുമണി, പുണ്യ, ഗംഗ മീര, ജുവൽ മേരി, കൃഷ്ണ പ്രസാദ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.
അലക്സ് ജെ പുളിക്കൽ നൽകിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ അർജു ബെൻ തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. അതുപോലെ തന്നെ ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും അത് സഹായിച്ചിട്ടുണ്ട്. സാം സി എസ് കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ചു നിന്നു. ഗാനങ്ങൾ മനോഹരമായപ്പോൾ പശ്ചാത്തല സംഗീതത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്.
ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എൻ്റർടെയ്‌നർ ആണ് ഗേറ്റ് സെറ്റ് ബേബി. ആദ്യാവസാനം പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം അവർക്കു വ്യത്യസ്തമായ സിനിമാനുഭവത്തിന്റെ കുറച്ചു മണിക്കൂറുകൾ സമ്മാനിക്കും എന്നുറപ്പാണ്.
Get Set Baby Movie Review | Newscoopz