in

ഇനി ഫഹദ് ഫാസില്‍ വില്ലനാകും; ‘കുമ്പളങ്ങി നൈറ്റ്‌സ്’ വരുന്നു!

ഇനി ഫഹദ് ഫാസില്‍ വില്ലനാകും; ‘കുമ്പളങ്ങി നൈറ്റ്‌സ്’ വരുന്നു!

യുവതാരം ഫഹദ് ഫാസിൽ മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടനായാണ് പരിഗണിക്കപ്പെടുന്നത്. ഏതു തരം വേഷവും അനായാസതയോടെ ചെയ്യുന്ന ഫഹദ് ഫാസിൽ ഇപ്പോൾ വളരെ ശ്രദ്ധിച്ചാണ് താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഓരോന്നും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫഹദ് ഫാസിലിന്‍റെ വരാൻ പോകുന്ന ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിൽ വില്ലൻ ആയാണ് താരം അഭിനയിക്കാൻ പോകുന്നത്.

ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണൻ ആണ്. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് ഇവർ ഈ ചിത്രം നിർമ്മിക്കുന്നത്.

മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യുന്നു. വരുന്ന ഓഗസ്റ്റ് മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് പ്ലാൻ. താൻ ആദ്യമായാണ് ഒരു മോഡേൺ ഫാമിലി ഡ്രാമക്കു തിരക്കഥ ഒരുക്കുന്നതെന്നാണ് ശ്യാം പുഷ്ക്കരൻ പറയുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരീക്ഷണ സ്വഭാവമുള്ള ചിത്രമാണെന്നും ഈ പ്രൊജക്റ്റ് ആവേശം നൽകുന്നതാണെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ആരംഭിച്ച വർക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും ഫഹദ് ആയിരുന്നു നായകൻ. ദിലീഷ് ഒരുക്കിയ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ടു ചിത്രങ്ങളും ദേശീയ പുരസ്‍കാരം നേടിയതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം ഫഹദിനും ദേശീയ പുരസ്‌കാരം നേടി കൊടുത്തിരുന്നു. ഇതിന് മുൻപ് ആഷിക് അബുവിന്‍റെ 22 ഫീമെയിൽ കോട്ടയം കോട്ടയം, ലാൽജോസിന്‍റെ ഇമ്മാനുവൽ, തമിഴ് ചിത്രം വേലയ്ക്കാരൻ എന്നിവയിൽ നെഗറ്റീവ് സ്വഭാവമുള്ള വേഷങ്ങൾ ഫഹദ് ഫാസിൽ ചെയ്തിട്ടുണ്ട്.

യെരുശലേം നായകാ: അബ്രഹാമിന്‍റെ സന്തതികൾ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അന്യനിലെ ആ സംഘട്ടനം ലൊക്കേഷനില്‍ ചോരപ്പുഴ ഒഴുക്കി