ചിരിമേളവുമായി സുരാജ് വീണ്ടും വരുന്നു; ‘എന്നാലും ന്റെളിയാ’ ടീസർ പുറത്ത്…

ഹാസ്യ താരമായി കരിയർ തുടങ്ങി പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ സുരാജ് വെഞ്ഞാറമൂടിനെ ഇപ്പോൾ കൂടുതലായും സീരിയസ് വേഷങ്ങളിൽ ആണ് കാണാൻ കഴിയുന്നത്. വീണ്ടും ഹാസ്യം കൂടി കൈകാര്യം ചെയ്യുന്ന സുരാജിനെ കാണാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് പ്രേക്ഷകർ. അതിന് ഒരു മറുപടിയായി ഒരു ചിത്രം റിലീസിന് തയ്യാറെടുക്കുക ആണ്. ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിലാണ് സുരാജ് വീണ്ടും ഹാസ്യം കൈകാര്യം ചെയ്യുന്നത്. ബാഷ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജിന്റെ നായികാ വേഷത്തിൽ എത്തുന്നത് ഗായത്രി അരുൺ ആണ്. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.
36 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസർ തന്നെ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുക ആണ്. ‘നിങ്ങൾ നിങ്ങളുടെ ഭാര്യയെ എല്ലാം മറന്ന് അവസാനമായി കെട്ടിപിടിച്ചത് എന്നാണ്’ എന്ന സുരാജിന്റെ വോയ്സ് ഓവറോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. പിന്നെ ഭാര്യയ്ക്ക് ഒപ്പമുള്ള രംഗങ്ങളും ചില രസകരമായ മുഹൂർത്തങ്ങളും ഒക്കെ ആണ് ടീസറിൽ മിന്നിമായുന്നത്. നിറയെ സ്നേഹവും, ചിരിയും ഒക്കെ നിറഞ്ഞൊരു ചിത്രം എന്ന് ആണ് ടീസറിൽ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുരാജും ഗായത്രിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ സിദ്ധിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ എത്തുന്നു. ശ്രീകുമാർ അറക്കൽ സഹ തിരക്കഥാകൃത്ത് ആണ്. സന്തോഷ് കൃഷ്ണൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഷാൻ റഹ്മാനും വില്യം ഫ്രാൻസിസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസ് ആണ് നിർവഹിച്ചത്. മനോജ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ജനുവരി ആറിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ടീസർ: