ദുൽഖറിന് ‘ഫാമിലി മാൻ’ ടീമിനൊപ്പം ഒടിടി അരങ്ങേറ്റം ഒരുക്കാൻ നെറ്റ്ഫ്ലിക്‌സ്…

ബിഗ് സ്ക്രീനിലെ മിന്നും താരങ്ങളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് കൊണ്ട് വരാൻ വലിയ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ചിത്രങ്ങൾക്ക് ഒപ്പം തന്നെ വെബ് സീരിയസുകളിലേക്ക് താരങ്ങളെ എത്തിച്ചാൽ വലിയ രീതിയിൽ മുന്നേറാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ആവും എന്നത് തീർച്ച. ഇപ്പോൾ മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെ വെബ് സീരിയസ് ലോകത്തിലേക്ക് എത്തിക്കാൻ നെറ്റ്ഫ്ലിക്‌സ് ഒരുങ്ങുകയാണ്.
ഈ നെറ്റ്ഫ്ലിക്‌സ് സീരിയസിലൂടെ ദുൽഖർ സൽമാന് താരപകിട്ടോടെ ആണ് ഒടിടി അരങ്ങേറ്റം. വമ്പൻ താര നിരയാണ് ദുൽഖറിന് ഒപ്പം അണിനിരക്കുന്നത്. ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും ആദർശ് ഗൗരവും ആണ് ദുൽഖറിന് ഒപ്പം ഈ സീരിയസിൽ പ്രധാന റോളുകളിൽ എത്തുന്നത്.
ഈ സീരിയസ് ഒരുക്കുന്നത് ആകട്ടെ ദി ഫാമിലി മാൻ എന്ന ഹിറ്റ് സീരിയസിന്റെ സൃഷ്ടാക്കൾ ആയ രാജ് ആൻഡ് ഡികെ എന്നറിയപ്പെടുന്ന രാജും കൃഷ്ണ ഡികെയും. ബോളിവുഡ് നടനും ഗായകനുമായ ഡിൽജിത്തിനെ പരിഗണിച്ച റോളിലേക്ക് ആണ് ദുൽഖർ എത്തുന്നത്. ഡെറാഡൂണിൽ സീരിയസിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി ആണ് റിപ്പോർട്ടുകൾ.
മാർച്ച് അവസാനത്തോട് കൂടി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും. കോവിഡ് 19 പോസിറ്റിവ് ആയി ദുൽഖർ ഇപ്പോൾ ഐസൊലേഷനിൽ ആണ്. രോഗമുക്തി ആയാൽ ദുൽഖർ ആദ്യം ജോയിൻ ചെയ്യുന്നത് ഈ പ്രോജക്റ്റ് ആയിരിക്കും.