in ,

കണ്ട് മറക്കാനല്ല, എന്നെന്നും ഓർത്തിരിക്കാൻ ഒരു മികച്ച സിനിമാനുഭവം; ‘ഹൃദയം’ റിവ്യൂ..

കണ്ട് മറക്കാനല്ല, എന്നെന്നും ഓർത്തിരിക്കാൻ ഒരു മികച്ച സിനിമാനുഭവം; ‘ഹൃദയം’ റിവ്യൂ..

ആദ്യമായി പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തിന് നൽകിയ പേര് അതാണ് – ഹൃദയം. ഇന്ന് ആ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. ടീസറും ഗാനങ്ങളും ട്രെയിലറും ഒക്കെ നൽകിയ വലിയ പ്രതീക്ഷ, അത് ചിത്രത്തിന് കാക്കാൻ ആയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഒറ്റ വാക്കിൽ ഉത്തരം നൽകിയാൽ ‘അതേ’ എന്നാകും ആ ഉത്തരം. പ്രേക്ഷകരെ യാതൊരു തരത്തിലും നിരാശപ്പെടുത്താത്ത അതിഗംഭീര സിനിമയാണ് വിനീതും കൂട്ടുകാരും ചേർന്ന് സമ്മാനിച്ച ഈ ‘ഹൃദയം’ എന്ന് നിസംശയം പറയാം.

അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഹൃദയം. അരുണിന്റെ ജീവിതത്തിലെ കോളേജ് കാലഘട്ടം മുതൽ വിവാഹ ജീവിതം വരെയുള്ള കാലഘട്ടം ആണ് ഹൃദയം നമുക്ക് കാണിച്ചു തരുന്നത്. അരുണിന്റെ ജീവിതത്തിലേക്ക് എത്തുന്ന പല ബന്ധങ്ങൾ ആണ് ചിത്രത്തിലെ പല കഥാപാത്രങ്ങൾ. കേരളത്തിലെ വലിയ ഒരു വിഭാഗം ചെറുപ്പക്കാരെ പോലെ ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജിൽ പഠിക്കാൻ എത്തുന്ന അരുണിലെ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ആ ക്യാമ്പസ് വഹിക്കുന്ന പങ്ക് ഈ ചിത്രം കാണിച്ചു തരുന്നു. ആദ്യ പകുതിയിൽ കോളേജ് കാലത്തിലെ സൗഹൃദവും പ്രണയവും ഒക്കെ നിറഞ്ഞു നിൽക്കുമ്പോൾ രണ്ടാം പകുതിയിൽ അതിന് ശേഷമുള്ള അരുണിന്റെ ജീവിതവും നിറഞ്ഞു നിൽക്കുന്നു. രണ്ട് ചാപ്റ്റർ പോലെ ആണ് ഈ കാലഘട്ടങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഹൃദയത്തിന്‍റെ ഹൃദയം പ്രണവ് മോഹൻലാൽ ആണെന്ന് പറയാം. കോളേജ് പഠനകാലത്ത് അരുണിന് ഉണ്ടാകുന്ന പ്രണയവും പിന്നീടുളള പ്രണയ തകർച്ച അവനെ എങ്ങനെ ബാധിക്കുന്നു എന്നതും ശേഷമുള്ള തിരിച്ചറിവും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപികരിക്കപ്പെടുന്നതും ഒക്കെ ആയി വലിയ ഒരു പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രം ആണ് അരുൺ. അത് പ്രണവ് അതിമനോഹരമാക്കി എന്ന് പറയാം. അരുണിന്റെ നെഗറ്റീവ് ഷെയ്ഡ് കാണിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ പ്രണവ് വിസ്മയിപ്പിച്ചു. നായികമാരിൽ ഒരാളായ ദർശന രാജേന്ദ്രൻ അതിഗംഭീരമായ ഇമോഷൻസ് ആവശ്യപെടുന്ന കഥാപാത്രത്തെ മികച്ചതാക്കി. നിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദർശൻ ആകട്ടെ ആ റോളിൽ വളരെ ക്യൂട്ട് ആയും എനർജെറ്റിക്ക് ആയും പ്രണവിന് ഒപ്പം നിറഞ്ഞു നിന്നു. ഹാസ്യ രംഗങ്ങളിൽ അശ്വത് ലാൽ, അജു വർഗീസ്, ജോണി ആന്റണി എന്നിവർ മികച്ചതാക്കി. അന്നു ആന്റണി, ജോജോ ജോസ്, അരുൺ കുര്യൻ എന്നിവരും മികച്ചു നിന്നു.

മൂന്ന് മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള ചിത്രത്തെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ വിനീത് ശ്രീനിവാസൻ എടുത്തിരിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വിനീതിന് ഇക്കാര്യത്തിൽ അഭിമാനിക്കാം. ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ 15 ഗാനങ്ങൾ ആണ് ഉള്ളത്. ചിത്രത്തിന്റെ വേഗതയ്ക്ക് ഒത്ത്‌ ചേർന്ന് പോകുന്ന ഈ ഗാനങ്ങൾ പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. 15 ഗാനങ്ങൾ തികയ്ക്കാൻ എന്ന പോലെ ഒരു ഗാനവും സൃഷ്ടിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയും. ബാക്ഗ്രൗണ്ട് സ്കോറുകളും ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഒരു ഇടം നേടാൻ സഹായകമായി. മൂസിക് ഡിപ്പാർട്ട്‌മെന്റ് മികച്ചു നിന്നതിൽ ഹിഷാം അബ്‌ദുൾ വഹാബ് എന്ന സംഗീത സംവിധായകന് എന്നെന്നും അഭിമാനിക്കാം.

ഹൃദയത്തിന് പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടാൻ കഴിയുന്നതിൽ അതിന്റെ ദൃശ്യങ്ങൾക്ക് ഉള്ള സ്ഥാനം വളരെ പ്രധാനമാണ്. ഛായാഗ്രഹണം നിർവഹിച്ച വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

സംഗീതം കൊണ്ടും മികച്ച ദൃശ്യങ്ങൾ കൊണ്ടും ഒക്കെ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരെ വളരെയധികം ആനന്ദിപ്പിക്കുകയും നൊസ്റ്റാൾജിയ ഫീൽ ഉണ്ടാക്കുകയും ഒക്കെ ചെയ്യിക്കുന്ന ഈ സിനിമ തീയേറ്ററുകളിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ഒന്നാണ്. ഹൃദത്തിന്റെ തിയേറ്റർ അനുഭവം ഒരു സിനിമാ സ്നേഹിയ്ക്ക് എന്നെന്നും ഓർത്തിരിക്കാൻ കഴിയും എന്നത് തീർച്ച.

വെല്ലുവിളി ഏറ്റെടുത്ത് ‘ഹൃദയം’; കേരളത്തിലെ 450+ സ്ക്രീനുകളിൽ നാളെ റിലീസ്…

ദുൽഖറിന് ‘ഫാമിലി മാൻ’ ടീമിനൊപ്പം ഒടിടി അരങ്ങേറ്റം ഒരുക്കാൻ നെറ്റ്ഫ്ലിക്‌സ്…