ദുൽഖർ ചിത്രത്തിന് ക്ലാപ്പടിച്ച് നാനി; പാൻ-ഇന്ത്യൻ ചിത്രം ‘DQ41’ന് ഹൈദരാബാദിൽ തുടക്കം

മലയാളത്തിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ദുൽഖർ സൽമാൻ്റെ പുതിയ പാൻ-ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ നടന്ന പൂജാ ചടങ്ങുകളോടെ തുടക്കമായി. ദുൽഖറിൻ്റെ 41-ാമത് ചിത്രമായതുകൊണ്ട് താൽക്കാലികമായി ‘DQ41’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവാഗതനായ രവി നെലകുടിറ്റിയാണ് സംവിധാനം ചെയ്യുന്നത്. SLV സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജയ്ക്ക് പിന്നാലെ ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗും ആരംഭിച്ചു.
ഹൈദരാബാദിൽ നടന്ന ലോഞ്ചിംഗ് ചടങ്ങ് സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നാച്ചുറൽ സ്റ്റാർ നാനി ആദ്യ ക്ലാപ്പടിച്ചപ്പോൾ, പ്രശസ്ത സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. ‘ദസറ’യുടെ സംവിധായകൻ ശ്രീകാന്ത് ഒഡെലയും ചടങ്ങിൽ പങ്കെടുത്തു.

മാനുഷിക വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു സമകാലിക പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധേയനായ ദുൽഖർ, ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വൻ ബജറ്റിൽ ഉയർന്ന സാങ്കേതിക നിലവാരത്തിലായിരിക്കും നിർമ്മിക്കുക.
പ്രതിഭാധനരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ, അനയ് ഓം ഗോസ്വാമിയാണ് ഛായാഗ്രാഹകൻ. ഗോപിചന്ദ് ഇന്നാമുറിയാണ് സഹനിർമ്മാതാവ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ – ശബരി