in

‘ഡ്യൂഡി’ന് ബോക്സോഫീസിൽ ഗംഭീര തുടക്കം; ആദ്യ ദിനം നേടിയത് 22 കോടി

‘ഡ്യൂഡി’ന് ബോക്സോഫീസിൽ ഗംഭീര തുടക്കം; ആദ്യ ദിനം നേടിയത് 22 കോടി

പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഡ്യൂഡ്’ എന്ന ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ദീപാവലി റിലീസായി ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം ലോകമെമ്പാടുമായി 22 കോടി രൂപയാണ് കളക്ഷൻ നേടിയത്. നവാഗതനായ കീർത്തീശ്വരൻ സംവിധാനം ചെയ്ത ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി എന്‍റർടെയ്നർ ചിത്രമായാണ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടുന്നത്.

ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടെത്തിയ പ്രദീപ് രംഗനാഥൻ ‘അഗൻ’ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ‘കുറൽ’ എന്ന നായികാ കഥാപാത്രത്തിലൂടെ മമിത ബൈജുവും പ്രേക്ഷകരുടെ കയ്യടി നേടി. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അഭിനയത്തിലെ മത്സരക്ഷമതയുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രദീപിൻ്റെ കരിയറിലെ മറ്റൊരു വലിയ വിജയമായി ‘ഡ്യൂഡ്’ മാറുമെന്ന് ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഇവർക്ക് പുറമെ, മന്ത്രി അതിയമാൻ അഴഗപ്പനായി എത്തിയ ശരത്കുമാറിൻ്റെ വേറിട്ട വേഷപ്പകർച്ചയും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

യുവതലമുറയെ ആകർഷിക്കുന്ന ഘടകങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പ്രണയത്തിൻ്റെയും ആഴത്തിലുള്ള ആവിഷ്കാരവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. സ്നേഹം, സൗഹൃദം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ സമൂഹം വച്ചുപുലർത്തുന്ന ജാതി, മതം, പണം, നിറം തുടങ്ങിയ സങ്കുചിത കാഴ്ചപ്പാടുകളെ ചിത്രം ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഒരു മികച്ച ഫിലിം മേക്കറെ തമിഴ് സിനിമയ്ക്ക് സമ്മാനിക്കുന്നതാണ് കീർത്തീശ്വരൻ്റെ സംവിധാന മികവ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന അഭിപ്രായം.

സംഗീത സംവിധായകൻ സായ് അഭ്യങ്കർ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. തിയേറ്ററുകളിലും ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ഗരുഡ റാം തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. നികേത് ബൊമ്മിയുടെ ഛായാഗ്രഹണവും ഭരത് വിക്രമൻ്റെ എഡിറ്റിംഗും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

കീർത്തി സുരേഷിന് പിറന്നാൾ ആശംസകളുമായി വിജയ് ദേവരകൊണ്ട ചിത്രം “SVC 59”ലെ പുതിയ പോസ്റ്റർ പുറത്ത്