ഇനി ദൃശ്യം ചൈനീസ് സംസാരിക്കും; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് മോഹൻലാലിന്‍റെ “ദൃശ്യ” വിസ്മയം!
2013 ഡിസംബറിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തിൽ പകരം വെക്കാനാവാത്ത സ്ഥാനം ആണുള്ളത്. മലയാളത്തിലെ എക്കാലത്തെയും വലിയ താരം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി.
ബോക്സ് ഓഫീസ് സമവാക്യങ്ങൾ തിരുത്തിയെഴുതിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
മലയാളത്തിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ ചിത്രമായി ദൃശ്യം മാറി. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം മലയാള സിനിമയ്ക്കു പുതിയ കമ്പോളങ്ങൾ തുറക്കുന്നതിനു വഴി മരുന്നിട്ടതും ദൃശ്യമാണ്. നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ പോലും നൂറു ദിവസം പ്രദർശിപ്പിച്ച ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്തു കൊണ്ട് അവിടെ 125 ദിവസം ആണ് പ്രദർശിപ്പിച്ചത്.
ഒട്ടനേകം വിസ്മയകരമായ ചരിത്രങ്ങൾ നമ്മുക്ക് മുന്നിൽ സൃഷ്‌ടിച്ച ദൃശ്യം എന്ന ഈ ചിത്രം വിസ്മയങ്ങൾ സൃഷ്ടിക്കുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ദൃശ്യം സിനിമയുടെ റീമേക് റൈറ്സ് ഇപ്പോൾ ഇതാ ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന്‍റെ റീമേക് റൈറ്സ് ഒരു ചൈനീസ് കമ്പനി വാങ്ങുന്നത്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. ഈ നേട്ടത്തിന് സഹായിച്ച പ്രശസ്ത നിർമ്മാതാവ് സുരേഷ് ബാലാജിക്കും ജീത്തു ജോസഫ് നന്ദി അറിയിച്ചു. സുരേഷ് ബാലാജിയാണ് ദൃശ്യത്തിന്‍റെ തമിഴ് പതിപ്പ് നിർമ്മിച്ചത്.
75 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നടത്തിയ ഈ ചിത്രം മലയാളം കൂടാതെ മറ്റു നാല് ഇന്ത്യൻ ഭാഷകളിൽ കൂടി നിർമ്മിക്കപ്പെട്ടു. തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നിവയാണ് ദൃശ്യം റീമേക് ചെയ്യപ്പെട്ട നാല് ഇന്ത്യൻ ഭാഷകൾ. ജീത്തു ജോസഫ് തന്നെയാണ് കമലഹാസനെ നായകനാക്കി പാപനാശം എന്ന പേരിൽ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്തത്.
ജീത്തു ജോസഫ് ഇപ്പോൾ മോഹൻലാലിൻറെ മകനെ നായകനാക്കി ആദി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
ദൃശ്യം എന്ന ചിത്രം തീർത്ത റെക്കോർഡുകൾ ഏറിയ പങ്കും പിന്നീട തകർക്കാൻ മോഹൻലാൽ തന്നെ നായകനായ പുലിമുരുകൻ വരേണ്ടി വന്നു എന്നത് കാലം കാത്തു വെച്ച നീതിയാകാം. ഏതായാലും ദൃശ്യ വിസ്മയങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് കൊണ്ട് യാത്ര തുടരുന്ന മോഹൻലാലിനും അഭിമാനിക്കാം ദൃശ്യം സൃഷ്‌ടിച്ച ഈ ചരിത്രം കണ്ട്.