in

ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിൽ; ‘ദൃശ്യം 3’ ക്ക് മുൻപ് ആരാധകർക്കായി വമ്പൻ സർപ്രൈസ്

ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിൽ; ‘ദൃശ്യം 3’ ക്ക് മുൻപ് ആരാധകർക്കായി വമ്പൻ സർപ്രൈസ്

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ഏപ്രിൽ രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്തു മെയ് 21 ലേക്ക് റിലീസ് മാറ്റിയിരുന്നു. 2026 മെയ് 21 നു മോഹൻലാലിന്റെ അറുപത്തിയാറാം പിറന്നാൾ ദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എന്നാലിപ്പോഴിതാ, ഈ സീരിസിലെ രണ്ടാം ചിത്രമായ ദൃശ്യം 2 ഓൾ ഇന്ത്യ റിലീസായി തീയേറ്ററുകളിൽ എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ പത്തിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. 2021 ഫെബ്രുവരിയിൽ ആമസോൺ പ്രൈം റിലീസ് ആയി നേരിട്ടുള്ള ഒടിടി റിലീസായാണ് ദൃശ്യം 2 എത്തിയത്. കോവിഡ് സാഹചര്യത്തിലാണ് ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്തത്. ഒടിടിയിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും ചർച്ച വിഷയമായി.

ഇപ്പോൾ, ഈ സീരിസിലെ മൂന്നാം ഭാഗം എത്തുന്നതിനു മുൻപായി, രണ്ടാം ഭാഗത്തിന്റെ തീയേറ്റർ അനുഭവം ലഭിക്കാനുള്ള അവസരമാണ് ആരാധകർക്ക് ലഭിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 ൽ മോഹൻലാലിനൊപ്പം മുരളി ഗോപി, മീന, ആശാ ശരത്, സിദ്ദിഖ്, ഗണേഷ് കുമാർ, അഞ്ജലി നായർ, സായ് കുമാർ, എസ്തർ അനിൽ, അൻസിബ ഹസൻ, ശാന്തി പ്രിയ തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ദൃശ്യം 3 , ചിത്രീകരണം കഴിയുന്നതിനു മുൻപ് തന്നെ 150 കോടി രൂപക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് നേടി മലയാളത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ റീമേക്ക് ഉൾപ്പെടെയുള്ള അവകാശങ്ങൾ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ ആണ് എത്തുക.

അഞ്ച് ആണുങ്ങൾ മാത്രമുള്ള വീട്; ചിരിയുടെ വിരുന്നുമായി ഷറഫുദീനും സംഘവും, ‘മധുവിധു’ ടീസർ

അഞ്ച് വർഷത്തെ കാത്തിരിപ്പ്, ഹോളിവുഡ് നിലവാരത്തിൽ ദൃശ്യങ്ങൾ; കത്തനാർ ടീസർ ട്രെയിലർ