in

ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ‘ലോകഃ’യുടേത്, വെളിപ്പെടുത്തി സംവിധായകൻ

ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ‘ലോകഃ’യുടേത്, വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയിൽ സൂപ്പർഹീറോ ചിത്രങ്ങൾക്ക് ഒരു പുതിയ മാനം നൽകിക്കൊണ്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഒരുക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോകഃ – ചാപ്റ്റർ വൺ: ചന്ദ്ര’ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ ഒരു സൂപ്പർഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനും പ്രധാന വേഷങ്ങളിൽ എത്തുന്നു. കല്യാണി പ്രിയദർശൻ ഒരു സൂപ്പർഹീറോ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ‘ലോകഃ’ എന്ന പേരിലുള്ള ഈ സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ അധ്യായമാണ് ‘ചന്ദ്ര’. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഡൊമിനിക് അരുൺ ചില സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തി. മലയാളത്തിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ എന്ന ലക്ഷ്യത്തോടെയല്ല ‘ലോകഃ’ നിർമ്മിച്ചതെന്നും, മറിച്ച് മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു സൂപ്പർഹീറോ ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോകഃ’ ഒറ്റ സിനിമയിൽ ഒതുങ്ങുന്ന കഥയല്ലെന്നും, ഒന്നിലധികം ചാപ്റ്ററുകളുള്ള ഒരു വലിയ കഥയുടെ ഭാഗമാണിതെന്നും ഡൊമിനിക് അരുൺ പറഞ്ഞു. ആദ്യ ഭാഗം കല്യാണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ മറ്റ് ചാപ്റ്ററുകളും നിലവിൽ ഡെവലപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്പർഹീറോ വിഭാഗത്തിൽപ്പെടുന്ന മറ്റ് സിനിമകളുമായി ‘ലോകഃ’യെ താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രേക്ഷകർക്ക് ഈ സിനിമയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. തങ്ങൾ മനസ്സിൽ കണ്ട കഥയ്ക്ക് ജീവൻ നൽകാൻ മികച്ചൊരു ടീമിനെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള യാഥാർത്ഥ്യങ്ങളോട് ചേർന്നു നിന്നുകൊണ്ട് ഒരു പുതിയ ഫിക്ഷണൽ ലോകം സൃഷ്ടിക്കാനാണ് ഈ യൂണിവേഴ്സിലൂടെ ശ്രമിക്കുന്നതെന്നും ഡൊമിനിക് അരുൺ വിശദീകരിച്ചു.

പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരെ കൂടാതെ ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

വടക്കുനോക്കിയന്ത്രം ഓർമ്മിപ്പിച്ച് അൽത്താഫും അനാർക്കലിയും; ‘ഇന്നസെൻ്റ്’ സെക്കൻഡ് ലുക്ക് പുറത്ത്

എസ്.ജെ. സൂര്യയും ശ്രീ ഗോകുലം മൂവീസും ഒന്നിക്കുന്ന കില്ലറിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കും