in , ,

‘അയാളുടെ ആത്മാവ് പൂർണ്ണമായി ഈ ഭൂമി വിട്ടുപോകാറില്ല’; ഭയപ്പെടുത്തി പ്രണവിൻ്റെ ‘ഡീയസ് ഈറെ’ ടീസർ

‘അയാളുടെ ആത്മാവ് പൂർണ്ണമായി ഈ ഭൂമി വിട്ടുപോകാറില്ല’; ഭയപ്പെടുത്തി പ്രണവിൻ്റെ ‘ഡീയസ് ഈറെ’ ടീസർ

‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രം ‘ഡീയസ് ഈറെ’യുടെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും ഒരുപോലെ നിറയ്ക്കുന്ന ടീസർ, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.

“ആഴത്തിലുള്ള വെറുപ്പോ ആഗ്രഹമോ ബാക്കിവെച്ച് ഒരാൾ മരിച്ചാൽ, അയാളുടെ ആത്മാവ് പൂർണമായിട്ട് ഈ ഭൂമി വിട്ടുപോകാറില്ല” എന്ന പ്രണവ് മോഹൻലാലിന്റെ ശബ്ദത്തോടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നത്. അവർ ഉപയോഗിച്ച വസ്തുക്കളിൽ ആ ആത്മാക്കളുടെ സാന്നിധ്യം ഉണ്ടാകുമെന്നും, എല്ലാറ്റിനും പിന്നിലെ രഹസ്യം കണ്ടെത്താൻ അത് തുടങ്ങിവെച്ച സ്ഥലത്തേക്ക് എത്തണമെന്നും വോയിസ് ഓവറിൽ പറയുന്നു. ഈ സംഭാഷണ ശകലങ്ങൾ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. ഷെഹ്‌നാദ് ജലാലിന്റെ നിഗൂഢത നിറഞ്ഞ ദൃശ്യങ്ങളും ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ടീസറിന്റെ ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിന് കരുത്തേകുന്നു.

‘ക്രോധത്തിൻ്റെ ദിനം’ എന്ന് അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ‘ഭ്രമയുഗ’ത്തിന്റെ ഗംഭീര വിജയത്തിനുശേഷം രാഹുൽ സദാശിവനും നിർമ്മാണക്കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്നു എന്നത് ‘ഡീയസ് ഈറെ’യുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വൈ നോട്ട് സ്റ്റുഡിയോസും നിർമ്മാണത്തിൽ പങ്കാളികളാണ്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷഫീക്ക് മുഹമ്മദ് അലി (എഡിറ്റർ), ജ്യോതിഷ് ശങ്കർ (കലാസംവിധാനം), ജയദേവൻ ചക്കാടത്ത് (സൗണ്ട് ഡിസൈൻ), എം.ആർ. രാജാകൃഷ്ണൻ (സൗണ്ട് മിക്സ്) എന്നിവർ ഉൾപ്പെടെ വലിയൊരു സാങ്കേതികനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. പ്രണവ് മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തോള് ചരിച്ച് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ ടീസർ റിലീസ് പ്രഖ്യാപിച്ചു

നാലാമതും വിജയം ലക്ഷ്യം വെച്ച് മോഹൻലാൽ; ഓണം റിലീസുകൾ ഇനി ബിഗ് സ്ക്രീനിൽ…