രണ്ടും കൽപ്പിച്ച് തലൈവരും താരങ്ങളും; ലോകേഷ് ചിത്രം ‘കൂലി’ ട്രെയിലർ

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ‘കൂലി’യുടെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 14 നു ആഗോള റിലീസായെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. രജനികാന്തിന്റെ മാസ്സ് ആഘോഷിക്കുന്ന ഒരു ബ്രഹ്മാണ്ഡ ട്രെയിലർ കട്ട് ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ദേവ എന്ന് പേരുള്ള കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കൂലിയുടെ കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും കഥയിൽ ഹാർബർ പശ്ചാത്തലത്തിനു വലിയ പ്രാധാന്യം ഉണ്ടെന്നും ട്രെയിലർ കാണിച്ചു തരുന്നു.
മലയാളി താരം സൗബിൻ ഷാഹിർ, ബോളിവുഡ് താരം ആമിർ ഖാൻ, കന്നഡ താരം ഉപേന്ദ്ര, തെലുങ്ക് താരം നാഗാർജുന എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ, സത്യരാജ്, റീബ മോണിക്ക ജോൺ എന്നിവരും നിർണ്ണായക വേഷത്തിൽ എത്തുന്നു. സൂപ്പർ നായികാ താരം പൂജ ഹെഗ്ഡെ ചിത്രത്തിലെ ഒരു ഗാനരംഗത്തിലും പ്രത്യക്ഷപെടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആമിർ ഖാൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് കൂലി. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്ത ചിത്രം എഡിറ്റ് ചെയ്തത് ഫിലോമിൻ രാജ് ആണ്. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വയലൻസിന്റെ അതിപ്രസരമാണ് അതിനു കാരണം എന്നാണ് സൂചന. രണ്ടു മണിക്കൂർ 48 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.