പൂജ ഹെഗ്‌ഡെയ്ക്ക് ഒപ്പം തകർപ്പൻ ചുവടുകളുമായി തിളങ്ങി സൗബിൻ ഷാഹിർ; രജനികാന്ത് ചിത്രം ‘കൂലി’ലെ ഗാനം പുറത്ത്

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘മോണിക്ക’ എന്നാണ് ഈ ഗാനത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. നടി പൂജ ഹെഗ്‌ഡെ ‘മോണിക്ക ബെല്ലൂച്ചി’ എന്ന അതിഥി വേഷത്തിൽ നൃത്തച്ചുവടുകളുമായി തിളങ്ങുന്ന ഈ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. “കൂലി”യുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്ന ഒരു ഗാനമാണിത്.
അനിരുദ്ധ് രവിചന്ദറാണ് “മോണിക്ക”ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലോകേഷ് കനകരാജുമായി അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഗാനത്തിന് വരികളെഴുതിയത് ലോകേഷിന്റെ സഹസംവിധായകൻ കൂടിയായ വിഷ്ണു എടവനാണ്.
ഒരു തുറമുഖ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം സൗബിൻ ഷാഹിറും ചടുലമായ നൃത്തച്ചുവടുകളുമായി എത്തുന്നുണ്ട്. പൂജയുടെ മനോഹരമായ ചുവടുകൾക്കൊപ്പം സൗബിന്റെ തകർപ്പൻ നൃത്തവും ചേർന്നപ്പോൾ ഗാനം കൂടുതൽ ആകർഷകമായി.
‘കൂലി’യിലെ ആദ്യ ഗാനം ‘ചികിട്ടു’ ജൂൺ 25-ന് പുറത്തിറങ്ങിയിരുന്നു. രജനികാന്തിന്റെ 74-ാം പിറന്നാൾ ദിനമായ 2024 ഡിസംബർ 12-ന് “ചിക്കിട്ടു വൈബ്” എന്നൊരു ഗ്ലിംപ്‌സും പുറത്തുവിട്ടിരുന്നു. രജനികാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, ആമിർ ഖാൻ എന്നിവരുൾപ്പെടെ വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഏകദേശം 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ‘കൂലി’ 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും.