ആറാട്ടിന്റെ ലാഭവിഹിതം വിനിയോഗിച്ച് ‘ക്രിസ്റ്റഫർ’ നിർമ്മിച്ചു; ഒടിടി അവകാശങ്ങൾ കണ്ടുകെട്ടി…

‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രം ഒരുക്കിയ അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. മമ്മൂട്ടി നായകനായ ചിത്രം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്. ആർഡി ഇല്ലുമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് പ്രദർശനാവകാശങ്ങൾ എറണാകുളം ജില്ലാ കോടതി താൽക്കാലികമായി കണ്ടുകെട്ടിയ വാർത്ത ആണ് പുറത്തുവരുന്നത്.
ആറാട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട 10 കോടി രൂപയുടെ തർക്കത്തെ തുടർന്നാണ് കോടതി താൽക്കാലികമായി ഈ അവകാശങ്ങൾ കണ്ടുകെട്ടിയിരിക്കുന്നത്. നിർമാണക്കമ്പനിയായ ആർഡി ഇലൂമിനേഷൻസ്, മാനേജിങ് പാർട്ണർ ബി. ഉണ്ണിക്കൃഷ്ണൻ അടക്കം പന്ത്രണ്ട് പേരെ എതിർകക്ഷികളാക്കി എംപിഎം ഗ്രൂപ്പ്, ആന്റണി ബിനോയ്, ശക്തി പ്രകാശ് എന്നിവർ സമർപ്പിച്ച ഹർജിയിലാണു നടപടി.
ആറാട്ടിന്റെ നിർമാണത്തിലൂടെ ലഭിച്ച ലാഭത്തിന്റെ വിഹിതം ഹർജിക്കാർക്കു നൽകാതെ എതിർകക്ഷികൾ ക്രിസ്റ്റഫർ എന്ന സിനിമയുടെ നിർമാണത്തിനു വിനിയോഗിച്ചെന്നാണ് ആരോപണം. ആമസോണിന്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോ, സാറ്റലൈറ്റ് റൈറ്റ് വാങ്ങിയ സൂര്യ ടിവി എന്നിവരെ പണം നൽകാൻ ബാധ്യസ്ഥരായ മൂന്നാം കക്ഷികളാക്കിയാണു ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ഹർജി തീർപ്പാക്കും വരെ ഹർജിക്കാർ ആവശ്യപ്പെടുന്ന പത്ത് കോടി രൂപയ്ക്കു മൂന്നാം കക്ഷികൾ ഈടു നൽകണം. അതുവരെ തുക ആർഡി ഇലൂമിനേഷനു കൈമാറരുതെന്നും ജില്ലാ കോടതി നിർദേശിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പം അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തൻ, സിദ്ധിഖ്, ജിനു എബ്രാഹം തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലർ ചിത്രമായാണ് ക്രിസ്റ്റഫർ ഒരുങ്ങുന്നത്.