ഹനുമാൻ്റെ കഥയുമായി 3D ആനിമേഷൻ ചിത്രം ‘വായുപുത്ര’ വരുന്നു; റിലീസ് 2026-ൽ

‘കാർത്തികേയ’, ‘പ്രേമം’ (തെലുങ്ക് റീമേക്ക്), ‘കാർത്തികേയ 2’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകൻ ചന്ദൂ മൊണ്ടേതി തൻ്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചു. ഹനുമാൻ്റെ ഇതിഹാസ കഥ പറയുന്ന ‘വായുപുത്ര’ എന്ന 3D ആനിമേഷൻ ചിത്രം ആണ് അദ്ദേഹം ഒരുക്കുന്നത്. 2026-ലെ ദസറ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ചരിത്രവും ഭക്തിയും ആധുനിക കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു പുതിയ ദൃശ്യാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ.
സിതാര എന്റർടൈൻമെന്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. കാലത്തിനപ്പുറം നിലനിൽക്കുന്ന യോദ്ധാവായ ഹനുമാന്റെ ഭക്തിയുടെയും ശക്തിയുടെയും കഥയാണ് ‘വായുപുത്ര’ പറയുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ട പോസ്റ്ററും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കുന്നിൻ മുകളിൽ നിന്ന് ലങ്ക കത്തിയെരിയുന്നത് വീക്ഷിക്കുന്ന ഹനുമാൻ്റെ ശക്തമായ രൂപം, സിനിമ നൽകാനുദ്ദേശിക്കുന്ന ഇതിഹാസമാനവും ആത്മീയ ആഴവും വ്യക്തമാക്കുന്നു. ഇതൊരു സിനിമ എന്നതിലുപരി, പ്രേക്ഷകർക്ക് ഒരു പുണ്യദർശനം നൽകാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം, ഇന്ത്യൻ സിനിമാചരിത്രത്തെ പുനർനിർവചിക്കാൻ ഒരുങ്ങുകയാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചന്ദൂ മൊണ്ടേതിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ‘വായുപുത്ര’.