ബോക്സ് ഓഫീസിനെ ഭ്രമിപ്പിച്ച് ‘ഭ്രമയുഗം’ നേടിയത് കോടികൾ; ഫൈനൽ കളക്ഷൻ റിപ്പോർട്ട് ഇതാ…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ തീയേറ്റർ പ്രദർശനം കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവസാനിച്ചിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
58.50 കോടി രൂപയാണ് ഈ ചിത്രം ആഗോള തലത്തിൽ നേടിയ കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം വിദേശത്ത് നിന്നും ഗ്രോസ് ചെയ്തത് 26 കോടി രൂപക്ക് മുകളിലാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഇതിന്റെ ഡബ്ബിങ് വേർഷനുകൾ ഉൾപ്പെടെ ആകെ നേടിയത് 8 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. 50 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.
അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം, റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മമ്മൂട്ടി ചിത്രങ്ങൾ. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഭ്രമയുഗം, ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചത്. പബ്ലിസിറ്റി ചെലവ് കൂട്ടാതെ 27 കോടി 73 ലക്ഷം രൂപയാണ് ഭ്രമയുഗത്തിന്റെ നിർമ്മാണ ചിലവെന്ന് നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്. സംവിധായകൻ തന്നെ തിരക്കഥാ രചനയും നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചത് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ്.
Content Summary: Bramayugam Final Collection Report