2017ലെ ഏറ്റവും വലിയ പത്ത് ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് ബുക്ക് മൈ ഷോ പ്രസിദ്ധീകരിച്ചു!
ടിക്കറ്റിങ് പോർട്ടൽ ആയ ബുക്ക് മൈ ഷോ 2017 ലെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകൾ തിരിച്ചുള്ള ലിസ്റ്റും ബുക്ക് മൈ ഷോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളം സിനിമകളുടെ ടോപ് 10 ലിസ്റ്റിൽ മോഹൻലാൽ നായകനായി എത്തിയ രണ്ടു ചിത്രങ്ങൾ ഇടം നേടി – മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, വില്ലൻ. സോളോ ഹീറോ അല്ലെങ്കിലും ഫഹദ് ഫാസിൽ ഭാഗം ആയ രണ്ടു ചിത്രങ്ങളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട് – ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ പറവ എന്ന ചിത്രവും ടോപ് 10 ലിസ്റ്റിൽ ഉണ്ട്. ദിലീപ്, പൃഥ്വിരാജ്, നിവിൻ പൊളി, കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി തുടങ്ങിയവർ ആണ് ലിസ്റ്റിൽ ഇടം നേടാൻ സാധിച്ച മറ്റു നായകന്മാർ.
മലയാളം ടോപ് 10 ലിസ്റ്റിലെ ആദ്യ സ്ഥാനം ബാഹുബലി ദി കൺക്ലൂഷൻ സ്വന്തമാക്കി. അരുൺ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം സ്വന്തമാക്കിയത് മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ്. പൃഥ്വിരാജ് ചിത്രം എസ്രാ നാലാം സ്ഥാനവും നിവിൻ പൊളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അഞ്ചാം സ്ഥാനവും നേടി.
പാര്‍വതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടേക്ക് ഓഫ് ആണ് ആറാം സ്ഥാനത്. ഫഹദ് ഫാസിൽ – സൂരജ് വെഞ്ഞാറമൂട് ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് ഏഴാം സ്ഥാനത്ത്. സൗബിൻ സാഹിറിന്റെ ആദ്യ സംവിധാന സംരംഭം പറവ എട്ടാം സ്ഥാനം നേടി. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ മോഹൻലാൽ ചിത്രം വില്ലൻ ആണ് ഒൻപതാം സ്ഥാനത്ത്. ടോപ് 10 ലിസ്റ്റിലെ അവസാന ചിത്രമായി മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ ഇടം നേടി.
ബുക്ക് മൈ ഷോയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണം അനുസരിച്ചു ആണ് ടോപ് 10 ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റ് ബുക്ക് മൈ ഷോ പ്രസിദ്ധീകരിച്ചത്.