ബോളിവുഡ് സംവിധായകന്‍ ഒരുക്കുന്ന മോഹൻലാലിൻറെ പുതിയ ചിത്രം ഒരു ഡ്രാമ-ത്രില്ലർ
കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഒടിയൻ എന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറിന് ശേഷം ചെയ്യാൻ പോകുന്ന ചിത്രം കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അനൗൺസ് ചെയ്തിരുന്നു. ബോളിവുഡ് സംവിധായകൻ ആയ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാജു തോമസ് ആണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന “നിമിർ” എന്ന പേരിട്ടിട്ടുള്ള മഹേഷിന്‍റെ പ്രതികാരം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കും നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിള ആണ്. സന്തോഷ് ടി കുരുവിളയോടൊപ്പം ജോൺ തോമസും നിബു ജോസ് നെറ്റിക്കാടനും മോഹൻലാൽ- അജോയ് വർമ്മ ചിത്രത്തിന്‍റെ നിർമ്മാണ പങ്കാളികൾ ആണ്.
ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ചു പേരിടാത്ത ഈ അജോയ് വര്‍മ്മ – മോഹന്‍ലാല്‍ ചിത്രം ഒരു ഡ്രാമ- ത്രില്ലർ ആയാണ് ഒരുക്കുന്നത്.
ഒടിയൻ എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷം ഡിസംബറിൽ മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ഡിസംബറിലും ജനുവരിയിലും ആയി ചിത്രീകരണം നടത്താൻ ഉദ്ദേശിക്കുന്ന ഈ ചിത്രം മുംബൈ, പുണെ, ശ്രീലങ്ക എന്നിവിടങ്ങളിൽ ആയാവും ചിത്രീകരിക്കുക.
അടുത്ത വര്‍ഷം മെയ് മാസത്തോടെ ഈ ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ള രീതിയിൽ ആണ് ഈ ചിത്രത്തിന്‍റെ ജോലികൾ തീർക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്ററും വെളിപാടിന്റെ പുസ്തകം എന്ന സൂപ്പർ ഹിറ്റും സമ്മാനിച്ച മോഹൻലാൽ 1971 ബീയോണ്ട് ബോർഡറിലൂടെ പരാജയവും രുചിച്ചിരുന്നു.
മോഹൻലാലിന്‍റെ അടുത്ത റിലീസ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രൈം ത്രില്ലറായ വില്ലൻ ആണ്. ഈ മാസം അവസാന വാരം വില്ലൻ തീയേറ്ററുകളിൽ എത്തും.