പഞ്ഞിക്കിടാൻ മൈക്കിൾ എത്തും; പ്രതീക്ഷകൾ നൽകി ‘ഭീഷ്മ പർവ്വം’ ട്രെയിലർ…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം ‘ഭീഷ്മ പർവ്വ’ത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ രാത്രി വൈകി ആണ് ട്രെയിലർ എത്തിയത്. അജിത്ത് ചിത്രം വലിമൈയ്ക്ക് ഒപ്പം തീയേറ്ററുകളിലും ട്രെയിലർ പ്രദർശിപ്പിക്കുന്നുണ്ട്.
അമൽ നീരദ് സ്റ്റൈൽ ഓഫ് മേക്കിങ് ഇഷ്ടപ്പെടുന്നവർക്ക് വിരുന്ന് തന്നെയാകും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മമ്മൂട്ടി മൈക്കിൾ ആയി എത്തുന്ന ഈ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം പ്രേക്ഷകർക്ക് ക്ലാസും മാസും ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ട്രെയിലർ കാണാം:
ഏകദേശം രണ്ട് മിനിറ്റോളം ദൈർഘ്യം ഉള്ള ഈ ട്രെയിലർ മമ്മൂട്ടിയുടെ ഡയലോഗോടെ ആണ് ആരംഭിക്കുന്നത്. അന്തരിച്ച നടീനടന്മാർ ആയ നെടുമുടി വേണു, കെപിഎഎസി ലളിത എന്നിവർക്ക് ആദരം അർപ്പിച്ചു ആണ് ട്രെയിലർ അവസാനിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ മറ്റ് താരങ്ങൾക്കും പ്രാധാന്യം ട്രെയിലർ നൽകുന്നുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ ആയി ആണ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ എന്നിവരുടെ കഥാപാത്രങ്ങൾ എത്തുന്നത് എന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്.
സംവിധാനം കൂടാതെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളിയും ഒപ്പം നിർമ്മാണവും അമൽ നീരദ് ആണ്.
ദേവദത്ത് ഷാജിയ്ക്ക് ഒപ്പം ചേർന്നാണ് അമൽ തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷൻ ആണ്. സുഷിൻ ശ്യാമ സംഗീതം ഒരുക്കുന്നു. മാർച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും.