ഭീഷ്മ പർവ്വം റിലീസ് പ്രഖ്യാപിച്ചു; ടീസർ നാളെ എത്തും…
പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ.
മാർച്ച് 3 ന് ലോകമെമ്പാടുമുള്ള ബിഗ് സ്ക്രീനുകളിൽ ഭീഷ്മ പർവ്വം എത്തും എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. കൂടാതെ, മറ്റൊരു അറിയിപ്പും പ്രേക്ഷകർക്ക് ഭീഷ്മ ടീം നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ നാളെ (ഫെബ്രുവരി 11ന്) 6 മണിക്ക് പുറത്തുവിടും എന്നാണ് ആ അറിയിപ്പ്.
ഒരുപാട് നാളുകൾക്ക് ശേഷം ഭീഷ്മ പർവ്വത്തിന്റെ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. റിലീസ് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിക്കാത്തതിൽ നിരാശരായ ആരാധകർക്ക് ഇതൊരു ആവേശമാകും എന്നത് തീർച്ച. ബിഗ് ബി എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം അമൽ നീരദ് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒന്നിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി ഒന്നിക്കേണ്ടി ഇരുന്ന ഈ കൂട്ട്കെട്ട് കോവിഡ് പ്രതിസന്ധി കാരണം മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.
ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചതും അമൽ നീരദ് ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ, ഷൈൻ ടോം ചാക്കോ, ദിലീഷ് പൊത്താൻ, നെടുമുടി വേണു തുടങ്ങി വലിയ ഒരു താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.