in

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ഫെബ്രുവരിയിൽ ഇല്ല; ‘ബസൂക്ക’യ്ക്ക് പുതിയ റിലീസ് തീയതി…

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ഫെബ്രുവരിയിൽ ഇല്ല; ‘ബസൂക്ക’യ്ക്ക് പുതിയ റിലീസ് തീയതി…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് ‘ബസൂക്ക’. നവാഗതനായ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ഈ ഗെയിം ത്രില്ലർ ചിത്രം ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യുമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ മാസം ഉണ്ടായത്. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രത്തിന്റെ റിലീസ് നീട്ടി. ഈ വർഷം ഏപ്രിൽ പത്തിന് ചിത്രം റിലീസിനെത്തുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

എന്ത്‌കൊണ്ടാണ് റിലീസ് നീട്ടിയത് എന്നത് വ്യക്തമല്ലെങ്കിലും, ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി തീർക്കാൻ സാധിക്കാത്തത് കൊണ്ടാണ് മാറ്റുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റു പോകാത്തതും കാരണമാണെന്ന് സൂചനയുണ്ട്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – മിഥുൻ മുകുന്ദൻ. ഗൗതം മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്’ ആയിരുന്നു മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ്. എന്നാൽ ചിത്രത്തിന് ബോക്സ് ഓഫീസിൽ വിജയം നേടാൻ സാധിച്ചില്ല.

പ്രേക്ഷകരെ കയ്യിലെടുക്കാൻ നെറ്റ്ഫ്ലിക്സ്; 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്…

തലയെ വരവേൽക്കാൻ കേരളവും; ‘വിടാമുയർച്ചി’ എത്തുക 300ലധികം സ്‌ക്രീനുകളിൽ, ആദ്യ ഷോ രാവിലെ 7ന്