‘ബറോസ്’ പൂർത്തിയായി; ടീമിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ…
മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. 2019ൽ പ്രഖ്യാപിച്ച നാൾ മുതൽ ചിത്രം വാർത്തകളിൽ നിറഞ്ഞു നില്‍ക്കുക ആണ്. 2020ൽ ചിത്രം ലോഞ്ച് ചെയ്ത് ചിത്രീകരണവും ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിങ് നീട്ടി വെക്കേണ്ടത് ആയും വീണ്ടും ചിത്രീകരണം ആദ്യം മുതൽ തുടങ്ങേണ്ടത് ആയതും വന്നിരുന്നു. ഇപ്പോൾ ഇതാ നീണ്ട ചിത്രീകരണങ്ങൾക്ക് ശേഷം ചിത്രം പൂർത്തിയായിരിക്കുക ആണ്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുക ആണ് മോഹൻലാൽ.
ബറോസിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “ടീം ബറോസ് ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുന്നു, ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു”, ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ട്വീറ്റ്:
മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനെയും ബറോസ് ടീമിന്റെ ഫോട്ടോയിൽ കാണാം. ബറോസിന് അതിഥി വേഷത്തിൽ പ്രണവ് എത്തുന്നു എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബറോസ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യ ത്രിഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഒരുക്കിയ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ‘ബറോസ്’ ഒരുക്കിയത്. ബറോസും ഒരു ത്രിഡി ചിത്രമാണ്. ചിത്രം ഒരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആകും അവതരിപ്പിക്കുക എന്ന് മോഹൻലാൽ മുൻപ് വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററും ചിത്രീകരണ വീഡിയോകളും ലൊക്കേഷൻ വീഡിയോകളും എല്ലാം തന്നെ പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യത ആണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും ലഭിച്ചത്. സംവിധാനം കൂടാതെ അഭിനേതാവ് ആയും മോഹൻലാൽ ഈ ചിത്രത്തിന്റെ ഭാഗമാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. വിദേശ അഭിനേതാക്കൾ ആയ പാസ് വേഗയും റാഫേല്‍ അമാര്‍ഗോയും ചിത്രത്തിന്റെ ഭാഗമാണ്.