in

“എൻഡ് ക്രെഡിറ്റ് മിസ്സാക്കരുത്, സ്പോയിലറുകൾ പങ്കുവെക്കരുത്”; ‘ധുരന്ധർ ദ റിവഞ്ച്’ പ്രേക്ഷകരോട് സംവിധായകൻ ആദിത്യ ധർ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രൺവീർ സിംഗിന്റെ സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ ദ റിവഞ്ച്’ (Dhurandhar The Revenge) നാളെ (മാർച്ച് 19) ആഗോളതലത്തിൽ പ്രദർശനത്തിനെത്തുകയാണ്. സിനിമയുടെ റിലീസിനായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന്റെ സസ്പെൻസ് കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആദിത്യ ധർ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു തുറന്ന കത്തിലൂടെയാണ്, ചിത്രം കണ്ടതിന് ശേഷം സ്പോയിലറുകൾ പരസ്യമാക്കരുതെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2025 ഡിസംബർ 5-ന് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകർ നൽകിയ സ്വീകരണത്തെ അനുസ്മരിച്ചുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ് ആരംഭിക്കുന്നത്. “നിങ്ങൾ ഞങ്ങളുടെ സിനിമ വെറുതെ കാണുക മാത്രമല്ല ചെയ്തത്, നിങ്ങൾ അത് അനുഭവിച്ചറിയുകയായിരുന്നു. അതിലെ ഓരോ ചെറിയ വിശദാംശങ്ങളും നിങ്ങൾ ശ്രദ്ധിച്ചു, അവയെക്കുറിച്ച് ചർച്ച ചെയ്തു, ആരും ശ്രദ്ധിക്കില്ലെന്ന് ഞാൻ കരുതിയ കാര്യങ്ങൾ പോലും സിനിമ വീണ്ടും കണ്ട് നിങ്ങൾ കണ്ടെത്തി,” ആദിത്യ ധർ കുറിച്ചു. ആ അവിശ്വസനീയമായ യാത്രയിൽ സിനിമ ആരാധകരുടേതും, പിന്നീട് രാജ്യത്തിന്റേതും ഒടുവിൽ ലോകത്തിന്റേതുമായി മാറിയെന്നും ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

View this post on Instagram

A post shared by Aditya Dhar (@adityadharfilms)

ഈ സ്നേഹം ഉൾക്കൊണ്ടുകൊണ്ട്, പ്രേക്ഷകർക്ക് തികച്ചും അപ്രതീക്ഷിതമായ വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധുരന്ധർ ദി റിവഞ്ച്’ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ഓരോ ട്വിസ്റ്റും അതിന്റേതായ തീവ്രതയിൽ ആസ്വദിക്കാൻ തിയേറ്ററുകളിലെ ഇരുട്ടിൽ അപരിചിതർക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ഇരുന്ന് തന്നെ ചിത്രം കാണണം. അല്ലാതെ മൊബൈൽ ഫോണിലെ അവ്യക്തമായ ദൃശ്യങ്ങളിലൂടെയല്ല സിനിമ അനുഭവിക്കേണ്ടതെന്നും സംവിധായകൻ ഓർമ്മിപ്പിക്കുന്നു.

ഇതുകൊണ്ടുതന്നെ, യാതൊരു മുൻവിധിയുമില്ലാതെ ജിജ്ഞാസയോടെ പുതിയ പ്രേക്ഷകർക്ക് തിയേറ്ററുകളിലേക്ക് കടന്നുവരാനും അവരുടേതായ വ്യക്തിപരമായ അനുഭവങ്ങളുമായി മടങ്ങാനും അവസരമൊരുക്കണം. അതിനായി സ്പോയിലറുകൾ യാതൊരു കാരണവശാലും പങ്കുവെക്കരുതെന്ന് അദ്ദേഹം കർശനമായി അഭ്യർത്ഥിക്കുന്നു. ‘ഭാരത് മാതാ കി… ജയ്!’ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപ്പം, സിനിമയുടെ എൻഡ് ക്രെഡിറ്റുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ആരും സീറ്റുകളിൽ നിന്ന് എഴുന്നേൽക്കരുതെന്നും അണിയറപ്രവർത്തകർ പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്.

ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്. ജസ്‌കീരത് സിംഗ് രംഗി എന്ന കഥാപാത്രം ഹംസ അലി മസാരിയായി മാറാൻ നിർബന്ധിതനാകുന്ന സാഹചര്യങ്ങളും, പാക്കിസ്ഥാനിൽ ഒരു ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് ബോക്സ് ഓഫീസ് വിലയിരുത്തലുകൾ.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺവീറിനൊപ്പം വമ്പൻ താരനിരയാണുള്ളത്. തന്ത്രജ്ഞനായ അജയ് സന്യാലായി ആർ. മാധവനും, ഐ.എസ്.ഐ മേജർ ഇഖ്ബാലായി അർജുൻ രാംപാലും, എസ്.പി ചൗധരി അസ്‌ലാമായി സഞ്ജയ് ദത്തും വേഷമിടുന്നു. അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആദിത്യ ധർ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവരാണ്. ഈദിനോടനുബന്ധിച്ചും, ഗുഡി പഡ്വ, ഉഗാദി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ചിത്രം എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ‘ധുരന്ധർ ദി റിവഞ്ച്’ നാളെ മുതൽ തിയേറ്ററുകൾ കീഴടക്കും. പിആർഒ – ശബരി

ശത്രുപാളയത്തിലെ ഇന്ത്യൻ ചാരൻ; ആകാംക്ഷയുണർത്തി രൺവീറിന്റെ ‘ധുരന്ധർ ദ റിവഞ്ച്’ ട്രെയിലർ

നൂറാം ചിത്രം പ്രിയ നായകന് ഒപ്പം തന്നെ; പ്രിയദർശൻ – മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു