ജെ.സി ഡാനിയൽ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ആസിഫ് അലി, ചിദംബരം മികച്ച സംവിധായകൻ

ജെ.സി ഡാനിയൽ ഫൗണ്ടേഷൻ്റെ പതിനാറാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി നടൻ ആസിഫ് അലി. ‘കിഷ്‌കിന്ധാ കാണ്ഡം’, ‘ലെവൽക്രോസ്’ എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ ശ്രദ്ധേയനായ ചിദംബരം മികച്ച സംവിധായകനായും, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
ആസിഫ് അലിക്ക് പുരസ്കാരം നേടിക്കൊടുത്ത ‘കിഷ്‌കിന്ധാ കാണ്ഡം’ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടത് സിനിമയുടെ അണിയറപ്രവർത്തകർക്ക് ഇരട്ടിമധുരമായി. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷകപ്രശംസ നേടിയിരുന്നു. ചിത്രത്തിലെ അജയ് ചന്ദ്രൻ എന്ന കഥാപാത്രം ആസിഫ് അലിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. ഈ ചിത്രത്തിലൂടെ ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും മലയാള സിനിമയിൽ തൻ്റേതായ ഇടം ഉറപ്പിച്ചു.
‘വിശേഷം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ചിന്നു ചാന്ദ്നിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. 2024-ൽ പുറത്തിറങ്ങിയ സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാര സമർപ്പണ ചടങ്ങ് വരുന്ന സെപ്റ്റംബർ മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗുഡ്‌വിൽ എന്റർടെയ്ൻമെൻറ്സിൻ്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിൽ അപർണ്ണ ബാലമുരളിയായിരുന്നു നായിക. ചിത്രത്തിലെ അപ്പുപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവൻ്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് ബാഹുൽ രമേശാണ്.