ചിരിയും ത്രില്ലും നിറച്ച് ‘അപൂർവ്വ പുത്രന്മാർ’; റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന മലയാളം റിലീസുകളിൽ ഒന്നാണ് രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘അപൂർവ പുത്രന്മാർ’. വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സുവാസ് മൂവീസാണ് ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ. ഒരു ഫാമിലി കോമഡി എൻ്റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.
ലാലു അലക്സ് അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രത്തിൻ്റെയും വിഷ്ണു, ബിബിൻ എന്നിവർ അവതരിപ്പിക്കുന്ന മക്കൾ കഥാപാത്രങ്ങളുടെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. സെബാൻ എന്ന ലാലു അലക്സ് കഥാപാത്രത്തിൻ്റെ മക്കളായ ജിൻ്റോയും ജിജോയും പള്ളിയിൽ കേറാതെ അവിശ്വാസികളായി നടപ്പാണ്. വലിയ ഭക്തനായ സെബാൻ്റെ ആഗ്രഹം മരിച്ചു കഴിഞ്ഞ് സ്വന്തം ബോഡി മെഡിക്കൽ കോളേജിന് കൊടുക്കണം എന്നാണ്. ഒപ്പം ഇടവകയിലെ ആളുകൾ പോലും തിരിഞ്ഞു നോക്കാത്ത സ്വന്തം നാട്ടിലെ പള്ളി എങ്ങനെയെങ്കിലും നന്നാക്കി എടുക്കണം എന്നും സെബാൻ ആഗ്രഹിക്കുന്നുണ്ട്. പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.
വളരെ രസകരമായ ഒരു എന്റെർറ്റൈനെർ നമ്മുക്ക് മുന്നിൽ എത്തിച്ചുകൊണ്ടാണ് രജിത് ആർ.എൽ, ശ്രീജിത്ത് എന്നീ സംവിധായകർ എത്തിയിരിക്കുന്നത്. ഒരു കമ്പ്ലീറ്റ് ഫൺ റൈഡ് ആയാണ് ഈ ചിത്രം അവർ ഒരുക്കിയിരിക്കുന്നത്. എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ചിത്രമെന്ന സൂചന നൽകിക്കൊണ്ട് പുറത്ത് വന്ന ഈ മാസ്സ് കൊമേഴ്സ്യൽ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ രസവും ആവേശവും നിറച്ചു തന്നെയാണ് അവർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്ന് രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. വളരെ രസകരമായി എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്ത് അവർ ഒരുക്കിയ ഈ തിരക്കഥ സംവിധായകർക്ക് മികച്ച അടിത്തറയാണ് നൽകിയത്. പ്രണയവും ഹാസ്യവും ആക്ഷനും ത്രില്ലും സസ്പെൻസും എല്ലാം കൂട്ടി ചേർത്ത ഒരു ഫാമിലി കോമഡി ത്രില്ലർ ചിത്രം എന്ന് നമ്മുക്ക് അപൂർവ പുത്രന്മാരെ വിശേഷിപ്പിക്കാം. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം സംവിധായകർ മികവ് കാണിച്ചു എന്നതും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ പുതുമയേറിയ കഥാ സന്ദർഭങ്ങളും രസകരമായ സംഭാഷണങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ നിർണ്ണായകമായി മാറിയിട്ടുണ്ട്.
ഒട്ടേറെ രസകരമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുള്ള വിഷ്ണു – ബിബിൻ കൂട്ടുകെട്ട് ഒരിക്കൽ കൂടി തങ്ങളുടെ നായക വേഷങ്ങൾ ഏറ്റവും മികവുറ്റതാക്കി. വളരെ അനായാസമായും സ്വാഭാവികമായും തങ്ങളുടെ കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിനോടൊപ്പം തന്നെ, പ്രേക്ഷകരെ ആദ്യാവസാനം തങ്ങൾക്കൊപ്പം കൊണ്ട് പോകാൻ കഴിഞ്ഞത് ആണ് ഇവർ നേടിയ വിജയം. ഇവർക്കൊപ്പം കട്ടക്ക് നിന്ന് കൊണ്ട് ലാലു അലക്സ് നടത്തിയ പ്രകടനവും ഗംഭീരമായിരുന്നു.
നായികാ വേഷങ്ങളിൽ എത്തിയ പായൽ രാധാകൃഷ്ണ, അമൈര ഗോസ്വാമി എന്നിവർ മികവ് പുലർത്തിയപ്പോൾ, പള്ളി വികാരിയായി വേഷമിട്ട അശോകനും വലിയ കയ്യടിയാണ് നേടുന്നത്. ഇവരെ കൂടാതെ അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരും പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. ഇവരെല്ലാം തങ്ങൾക്കു കിട്ടിയ വേഷങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഷെന്‍റോ വി. ആന്‍റോ വളരെ മനോഹരമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയപ്പോൾ, മലയാളി മങ്കീസ്, റെജിമോൻ എന്നിവർ ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. അത് പോലെ തന്നെ വില്യം ഫ്രാൻസിസ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിൻ്റെ മികവും എടുത്ത് പറയണം. ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ ഷബീർ സയ്യെദ് നിർവഹിച്ച പങ്കും വളരെ വലുതാണ്. ചിത്രത്തിന് ആദ്യാവസാനം മികച്ച ഒരു താളം പകർന്നു നല്കാൻ എഡിറ്റിംഗിനും അതുപോലെ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്.
‘അപൂർവ്വ പുത്രന്മാർ’ ഒരു മുഴുനീള എന്റർടെയ്‌നറാണ്. ചിരി ഇഷ്ടപ്പെടുന്നവരെ നിരാശരാക്കാത്ത ഈ ചിത്രം, എല്ലാ സങ്കടങ്ങളും മറന്ന് ആസ്വദിക്കാൻ ആവശ്യമായ വിനോദ ഘടകങ്ങൾ നിറഞ്ഞതാണ്. മുടക്കിയ കാശ് മുതലാകുന്ന, തികച്ചും പൈസാ വസൂൽ ചിത്രമെന്ന് ഇതിനെ നിസ്സംശയം വിശേഷിപ്പിക്കാം.