രണ്ടാം ഭാഗത്തിൻ്റെ സൂചനകൾ നൽകി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സംവിധായകൻ ഡാർവിൻ…
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത അന്വേഷിവിൻ കണ്ടെത്തും എന്ന ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ? ഈ ചോദ്യം ഉയരാനുള്ള പ്രധാന കാരണം ചിത്രത്തിൻ്റെ ക്ലൈമാക്സിൽ അത്തരത്തിൽ ഒരു സാധ്യത നൽകിയാണ് അവസാനിച്ചത് എന്നതിനാലാണ്. ഇപ്പൊൾ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ഡാർവിൻ.
രണ്ടാം ഭാഗം ഉണ്ടാവും എന്ന പ്രതീക്ഷ ആണ് ഡാർവിൻ പങ്കുവെക്കുന്നത്. ചിത്രീകരണ സമയത്ത് അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല എന്നും പ്രേക്ഷക പ്രതികരണങ്ങളും ഒപ്പം ടൊവിനോയുടെ പിന്തുണയും കൊണ്ട് ചിത്രത്തിൻ്റെ തുടർച്ച സൃഷ്ടിക്കാനുള്ള ആലോചനകൾ തുടങ്ങുക ആണെന്നും ഡാർവിൻ വ്യക്തമാക്കുന്നു. പുതിയ കഥയ്ക്കുള്ള അന്വേഷണത്തിലാണ്, കണ്ടെത്തും എന്ന് ഡാർവിൻ പറഞ്ഞു.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ കഥ രൂപപെട്ടത് എങ്ങനെ എന്നതിനെ പറ്റിയും ഡാർവിൻ സംസാരിക്കുകയുണ്ടായി. മൊബൈൽഫോൺ ട്രാക്കിങ്ങും ഇന്റർനെറ്റ് സൗകര്യവുമെല്ലാം എത്തുന്നതിനുമുമ്പുള്ള കാലത്ത് കുറ്റം തെളിയിക്കാൻ പോലീസ് നടത്തുന്ന അന്വേഷണങ്ങൾ എന്ന ചിന്തയിലൂടെയാണ് കഥ രൂപപ്പെട്ടത് എന്ന് ഡാർവിൻ പറയുന്നു. നായകന്റെ മാസ് ആക്ഷൻ പ്രകടനങ്ങളോ കൊലപാതകിയുടെ സൈക്കോ ക്രിമിനൽ പശ്ചാത്തലമോ അല്ല സിനിമയുടെ കരുത്ത് എന്നും റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ രീതിയാണ് സ്വീകരിച്ചത് എന്നും ഡാർവിൻ പറഞ്ഞു.
അതേ സമയം, തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ തുടക്ക കാലഘട്ടം പശ്ചാത്തലമാക്കി ലൗലി മാത്തൻ കേസ്, ശ്രീദേവി മർഡർ കേസ് എന്നീ രണ്ട് കേസുകൾ അന്വേഷിക്കുന്ന ത്രില്ലിംഗ് കഥയാണ് ചിത്രം പറയുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ പൊതുവേ ആശ്രയിക്കാറുള്ള സീരിയൽ കില്ലിംഗ് ആശയങ്ങൾ ഒക്കെ മാറ്റി നിർത്തി നാട്ടിൽ എന്നോ നടന്നേക്കാവുന്ന ക്രൈം എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.