“ഓഗസ്റ്റ് 17ന് ഒരു പ്രഖ്യാപനം”; ചർച്ചയായി ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ്…
മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ചിത്രങ്ങളാണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യവും ലൂസിഫറും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രങ്ങൾ മലയാള സിനിമയുടെ ബിസിനസ് സാദ്യതകൾ വലിയ രീതിയിൽ വർദ്ധിപ്പിച്ച ചിത്രങ്ങളാണ്. മറ്റ് ഭാഷകളിൽ നിന്നുള്ള ആരാധകർ പോലും ദൃശ്യത്തിന്റെ മൂന്നാം പതിപ്പിന് ആവേശപൂർവ്വം കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ദൃശ്യം 3 ട്വിറ്ററിൽ ട്രെൻഡ് ആയപ്പോൾ അതിൽ മുഖ്യ പങ്കുവഹിച്ചത് ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലെ ആരാധകർ ആയിരുന്നു. ഇതിന് തുടർച്ചയായി ആന്റണി പെരുമ്പാവൂറിന്റെ ഒരു ട്വീറ്റ് കൂടി എത്തിയതോട് കൂടി സോഷ്യല്‍ മീഡിയയില്‍ പുതിയ മോഹന്‍ലാല്‍ ചിത്രങ്ങളെ സംബന്ധിച്ചുള്ള ചർച്ചകള്‍ക്ക് വേദി ഒരുങ്ങിയിരിക്കുക ആണ്.
ഓഗസ്റ്റ് 17ന് ഒരു പ്രഖ്യാപനം ഉണ്ടാവും എന്നാണ് ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ്. ആശിർവാദ് സിനിമാസിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജും ഈ പ്രഖ്യാപനത്തിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യം 3, ലൂസിഫർ 2 – എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിൽ ഏതേലും ഒന്നിന്റെ അപ്‌ഡേറ്റ് ആണ് വരുന്നത് എന്ന് പ്രതീക്ഷ കല്‍പ്പിക്കുക ആണ് ഒരുകൂട്ടം ആരാധകർ. അതേസമയം റിലീസ് തയ്യാറായി നിൽക്കുന്ന മോഹൻലാൽ ചിത്രങ്ങളായ മോൺസ്റ്ററിന്റെയോ എലോണിന്റെയോ റിലീസ് സംബന്ധമായ വിവരങ്ങൾ ആവാം അന്നേ ദിവസം പുറത്തുവിടുക എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ വിവരങ്ങൾ ആകാം എന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ ആരാധകർ പറയുന്നുണ്ട്.
Announcement coming soon on 17th August.
— Antony Perumbavoor (@antonypbvr) August 15, 2022
അതേ സമയം, പുതിയ പ്രോജക്ട് പ്രഖ്യാപനം ആവാം വരുന്നത് എന്നും ആരാധകർക്കിടയിൽ നിന്ന് അഭിപ്രായം വരുന്നുണ്ട്. ‘ജന ഗണ മന’യിലൂടെ ഈ വർഷം ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സൃഷ്ടിച്ച ഡിജോ ജോസ് ആന്റണിയുടെ ചിത്രം. അല്ലെങ്കിൽ, അജഗജാന്തരം ഒരുക്കിയ ടിനു പാപ്പച്ചൻ ചിത്രം. ആരാധകരുടെ ചർച്ചകളിൽ നിറയുന്ന ‘പുതിയ പ്രൊജക്ടുകൾ’ ഇതൊക്കെയാണ്. എന്നിരുന്നാലും, ആരാധകരിൽ വളരെ ആകാംഷ നിറയ്ക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട് ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ്. എന്തായിരിക്കും ആ സർപ്രൈസ് എന്നത് നാളെ (ഓഗസ്റ്റ് 17ന്) അറിയാൻ കഴിയും.