കരുത്തുറ്റ രാഷ്ട്രീയക്കാരനായി വിജയരാഘവൻ; ‘അനന്തൻ കാട്’ പുതിയ പോസ്റ്റർ പുറത്ത്

‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടൻ വിജയരാഘവന് ആദരവർപ്പിച്ച് ‘അനന്തൻ കാട്’ സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് ടീം ആശംസകൾ അറിയിച്ചത്. കറ കളഞ്ഞ രാഷ്ട്രീയക്കാരന്റെ ഗൗരവമേറിയ ഭാവത്തിലാണ് വിജയരാഘവൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. ആര്യ നായകനായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി ഒരേസമയം പുറത്തിറങ്ങും. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്.
വമ്പൻ താരനിരയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. വിജയരാഘവന് പുറമെ ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, സാഗർ സൂര്യ, അജയ് എന്നിവർക്കൊപ്പം ‘പുഷ്പ’ ഫെയിം സുനിൽ, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ അന്യഭാഷാ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖില വിമൽ, റെജീന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.
വൻവിജയമായ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ‘കാന്താര’, ‘മഹാരാജ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബി. അജനീഷ് ലോക്നാഥാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എസ്. യുവ ഛായാഗ്രഹണവും രോഹിത് വി.എസ്. വാരിയത്ത് എഡിറ്റിംഗും നിർവഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്