“ഫോട്ടോസോ വീഡിയോസോ വരേണ്ട സമയമായില്ലേ”; സസ്പെൻസുകൾ നിറച്ച് ‘ടീച്ചർ’ ട്രെയിലർ…
അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുക ആണ് നടി അമല പോൾ. ‘അതിരൻ’ എന്ന ഫഹദ് ഫാസിൽ – സായ് പല്ലവി ചിത്രം ഒരുക്കിയ വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രത്തിലൂടെ ആണ് അമല പോൾ മലയാളത്തിൽ വീണ്ടും എത്തുന്നത്. അമലയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് മുൻപ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. നായാട്ട്, അർച്ചന 31 നോട്ട് ഔട്ട്, തമിഴ് ചിത്രം കടശീല ബിരിയാണി എന്നിവയിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹക്കിം ഷാ ആണ് അമലയ്ക്ക് ഒപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.
1 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ പ്രേക്ഷകന് നൽകുന്നുണ്ട്. ജീവിതത്തിൽ ഒരു പ്രതിസന്ധിയിൽ അകപ്പെടുന്ന കൊല്ലം ജില്ലയിലുള്ള ഒരു ടീച്ചറെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. തിരയുന്ന ആൾ കൊച്ചിയിലുണ്ട് എന്ന് വിവരം നൽകുന്ന ഫോൺ കോൾ അമല പോൾ സ്വീകരിക്കുന്നതിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. ശേഷം പ്രധാന താരങ്ങളുടെ പ്രണയ രംഗങ്ങളുടെ മിന്നും കാഴ്ചകളും തുടർന്ന് സ്വകാര്യ വീഡിയോ ഇന്റർനെറ്റിൽ ലീക്ക് ആയെന്നുള്ള സംശയവും ഒക്കെയായി ട്രെയിലർ പുരോഗമിക്കുന്നു. അമല പോളിന്റെ കഥാപാത്രം പിന്നീട് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവും ആണ് ചിത്രമെന്ന സൂചന ആണ് ട്രെയിലർ അവസാനിക്കുമ്പോൾ ലഭിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ പി വി ഷാജി കുമാർ ആണ് ചിത്രത്തിന് തിരക്കഥയും ഡയലോഗും എഴുതിയത്. വിവേകിന്റെ ആണ് കഥ. സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ടീച്ചർ എത്തുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, പ്രശാന്ത് മുരളി, നന്ദു, അനുമോൾ, മാലാ പാർവതി, വിനീത കോശി എന്നിവരാണ് ടീച്ചറിലെ മറ്റ് താരങ്ങൾ. അനു മൂത്തേടത്ത് ഛായാഗ്രഹണവും ഡോൺ വിൻസെന്റ് സംഗീതസംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ മനോജ് ആണ്. ട്രെയിലർ: