വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബിജു മേനോന്‍റെ പടയോട്ടവുമായി സോഫിയ പോൾ
ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രവും ആയി. 17000 ത്തിൽ അധികം ഷോസ് കേരളത്തിൽ കളിച്ച ഈ ചിത്രം ഈ വർഷം ഏറ്റവും അധികം ഷോ കളിച്ച മലയാള ചിത്രവുമായി മാറി. ഈ വമ്പൻ വിജയത്തിന് ശേഷം സോഫിയ പോൾ എത്തുന്നത് ഒരു ബിജു മേനോൻ ചിത്രവുമായി ആണ്.
പടയോട്ടം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ആണ്. ഒരു ഗ്യാങ്സ്റ്റർ കോമഡി ആയി ഒരുങ്ങുന്ന ഈ സ്റ്റൈലിഷ് ചിത്രത്തിൽ തിരുവനന്തപുരം ശൈലിയിൽ ആണ് ബിജു മേനോൻ സംസാരിക്കുക.
ഒരു കൂട്ടം ലോക്കൽ ഗുണ്ടകൾ തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ നടത്തുന്ന ഒരു യാത്ര ആണ് ഈ ചിത്രത്തിന്റെ പ്രമേയം. സാൾട് ആൻഡ് പേപ്പർ ലുക്കിൽ ആയിരിക്കും ഈ ചിത്രത്തിൽ ബിജു മേനോൻ പ്രത്യക്ഷപ്പെടുക. സംവിധായകരായ ദിലീഷ് പോത്തനും ലിജോ ജോസ് പെല്ലിശ്ശേരിയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീ നായിക ആയി എത്തുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ബാലു വർഗീസ്, അലെൻസിയർ, ഹാരിഷ് കണാരൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
അരുൺ, അജയ്, രാഹുൽ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഏകദേശം അൻപതോളം പുതുമുഖങ്ങൾ ആണ് അഭിനയിക്കുന്നത്. ജനുവരി പകുതിയോടെ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് പ്ലാൻ. തിരുവനന്തപുരം, കൊച്ചി, കാസർഗോഡ് എന്നിവിടങ്ങളിൽ ആയിരിക്കും ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ബിജു മേനോൻ ഇപ്പോൾ ഒരായിരം കിനാക്കൾ എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. വിനു ജോസഫ് ഒരുക്കിയ റോസാപ്പൂ ആണ് ബിജു മേനോന്‍റെ അടുത്ത റിലീസ്.